അരീക്കോട് : കാടില്ലാതായ അരിമ്പ്രക്കുത്ത് സർക്കാർ വനഭൂമിയിൽ വനവത്കരണത്തിന് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ നിലമ്പൂർ ഡി.എഫ്.ഒ. വർക്കഡ് യോഗേഷ് നീലകണ്ഠ് ആണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്.

വനം പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂൺ അഞ്ചിന് 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. പലതരം വൻമരങ്ങളും വിവിധയിനം വന്യജീവികളും ഉണ്ടായിരുന്ന നാനൂറ് ഏക്കറോളം വരുന്ന ഈ നിത്യഹരിതവനം 1972-ൽ സർക്കാർ തന്നെ മുൻെെകയെടുത്ത് മുറിച്ചുനീക്കുകയായിരുന്നു. തുടർന്ന് പലകൃഷികളും ചെയ്തെങ്കിലും ഒന്നും ശരിയായില്ല.

കാട്ടുപന്നികൾക്ക് പെറ്റുപെരുകാൻ സൗകര്യമൊരുങ്ങിയതോടെ ഈ വനഭൂമി സമീപപ്രദേശങ്ങളിലെ കർഷകർക്ക് ശല്യമായി മാറി.

ഈ സാഹചര്യത്തിലാണ് ഇവിടെ സ്വാഭാവിക വനം പുനഃസ്ഥാപിക്കാനായി നാട്ടുകാർ ശ്രമം തുടങ്ങിയത്. ഇതിനെത്തുടർന്നാണ് അരിമ്പ്രക്കുത്ത് റിസർവ് വനഭൂമി വീണ്ടും വനവത്കരിക്കുന്നതിന് സർക്കാർ അനുമതി നൽകിയത്. അതനുസരിച്ച് രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ ഏഴര ഹെക്ടർ സ്ഥലത്തും രണ്ടാംഘട്ടത്തിൽ 25 ഹെക്ടർ സ്ഥലത്തുമാണ് വനവത്കരണം നടത്തുന്നത്.

ഇതിന് ഒന്നാംഘട്ടത്തിൽ രണ്ട് ഗഡുക്കളായി 24 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 8,000 തൊഴിലവസരങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.

ഉദ്ഘാടനച്ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറമ്പൻലക്ഷ്മി അധ്യക്ഷതവഹിച്ചു.

കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ കെ.വി. റൈഹാന ബേബി, സ്ഥിരംസമിതി അധ്യക്ഷൻമാരായ നജീബ് കാരങ്ങാടൻ, കെ. അബൂബക്കർ, മെമ്പർ എൻ.ടി. ഹമീദലി, ബ്ലോക്ക് മെമ്പർ എം.ടി. അയ്യപ്പൻ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ്‌ പ്രോഗ്രാം കോ -ഓർഡിനേറ്റർ വിജയകുമാർ, അസിസ്റ്റന്റ്‌ ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു, എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സത്യനാഥൻ, ബി.ഡി.ഒ. ചന്ദ്രൻ , ജെ.ബി.ഡി.ഒ. സുജാത , പഞ്ചായത്ത് സെക്രട്ടറി ജോർജ് ലോറൻസ് എന്നിവർ ആശംസകളർപ്പിച്ചു