അരീക്കോട് : ഖത്തറിൽനിന്നുവന്ന് പിതാവിന്റെ വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന യുവാവിനും വീടൊഴിഞ്ഞുകൊടുത്ത പിതാവിനും ശകാരവർഷവും മർദനവും.

ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് കാവനൂർ കിളിക്കല്ലിങ്ങൽ സ്വദേശിയായ ചോലയിൽ അർഷാദ് ഈ വീട്ടിലെത്തിയത്. അർഷാദ് ഇവിടെ എത്തിയതറിഞ്ഞ് സമീപപ്രദേശമായ മൂഴിപ്പാടത്തുള്ള രണ്ടുപേരെത്തി ആദ്യം വീടിനുപുറത്തുണ്ടായിരുന്ന പിതാവ് അലിയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റംനടത്തുകയും ചെയ്തു.

തുടർന്ന് അക്രമിസംഘത്തിലൊരാൾ വീട്ടിൽക്കയറി അർഷദിനെ അസഭ്യം പറയുകയും വീടിന്റെ അടച്ചിട്ട മറ്റു രണ്ടുമുറികൾ തള്ളിത്തുറക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.

മർദനമേറ്റ പിതാവ് ചോലയിൽ അലിയെ മഞ്ചേരി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ അരീക്കോട് പോലീസുമായി ബന്ധപ്പെടുകയും അലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലനാട് വിവേകിന്റെ (46) പേരിൽ പോലീസ് കേസെടുക്കുകയുംചെയ്തു.

പ്രവാസിയെയും പിതാവിനെയും ആക്രമിച്ചവരുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാവനൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി കാവനൂർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.