അരീക്കോട് : മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ 'ഉപജീവനം' പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ഓരോ വീട്ടിലും മൺപാത്രങ്ങളെത്തിക്കാൻ ശ്രമം. നിർധനരായ കുടുംബങ്ങൾക്ക് നിത്യവൃത്തിക്ക് വഴിയൊരുക്കുകയെന്നതാണ് 'ഉപജീവനം' പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ തുടക്കമെന്ന നിലയ്ക്കാണ് മൺപാത്ര നിർമാണം തൊഴിലായെടുത്ത ചൂളാട്ടിപ്പാറ വേഴക്കോട് അലിക്കപറമ്പിൽ കൃഷ്ണന്റെ കുടുംബത്തിന് കൈത്താങ്ങായി മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് രംഗത്തിറങ്ങിയത്. ശാരീരികാവശത അനുഭവിക്കുന്ന കൃഷ്ണന്‌ കളിമണ്ണ് ശേഖരിക്കാനോ വീടുകയറി മൺപാത്രങ്ങൾ വിൽക്കാനോ കഴിഞ്ഞിരുന്നില്ല. പാത്രനിർമാണത്തിനുതകുന്ന ആലയും കൃഷ്ണന് ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് എൻ.എസ്.എസ്. വൊളന്റിയർമാർ കൃഷ്ണന് ആല നിർമിച്ചുനൽകുകയും ആവശ്യമായ കളിമണ്ണ് എത്തിച്ചുനൽകുകയും ചെയ്തത്. ഇനി കൃഷ്ണൻ നിർമിക്കുന്ന പാത്രങ്ങൾ ‘എന്റെ അടുക്കളയിൽ ഒരു മൺപാത്രം’ എന്ന പദ്ധതിയിലൂടെ പ്രദേശത്തെ വീടുകളിലേക്കെത്തിക്കും.

പദ്ധതിപ്രകാരമുള്ള വിൽപ്പനയുടെ ഉദ്ഘാടനം ഊർങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. ഷൗക്കത്തലി നിർവഹിച്ചു. പ്രിൻസിപ്പൽ എം. അഹമ്മദ്‌ സവാദ് അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി. സൈതലവി, പ്രോഗ്രാം ഓഫീസർ മുഹമ്മദ് അഷ്റഫ് ഇല്ലിക്കൽ, മുൻ പ്രോഗ്രാം ഓഫീസർ എം. കൃഷ്ണനുണ്ണി, ഡോ. ബിന്ദു പി. സുഭാഷ്, വൊളന്റിയർ ലീഡർമാരായ മിൻഹാജ്, ഷമീൽ, റജ ഹർഷിൻ എന്നിവർ പ്രസംഗിച്ചു.