അരീക്കോട് : കീഴുപറമ്പ് പഞ്ചായത്തിലെ പഴം പറമ്പിൽ കഴിഞ്ഞരാത്രി നിരവധി വീടുകളിൽ മോഷണശ്രമം നടന്നു. പഴംപറമ്പ് യാക്കിപറമ്പൻ സലീമിന്റെ വീട്ടിലും തൊട്ടടുത്ത വീടുകളിലും മോഷണവും മോഷണശ്രമവും നടന്നു. സലീമിന്റെ വീടിന്റെ ഗോവണിക്കൂടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അലമാരയിലേയും മറ്റും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. സലീമിന്റെ ജ്യേഷ്ഠൻ മജീദിന്റെ വീട്ടിൽ നിന്ന് മൊബൈൽഫോൺ നഷ്ടപ്പെട്ടു. തൊട്ടടുത്ത മറ്റു വീടുകളിലും മോഷണശ്രമം നടന്നു.

പുലർച്ചെ ഒരുമണിക്കുശേഷമാണ് മോഷ്ടാവ് വീടുകളിൽ എത്തിയതെന്ന് തൊട്ടടുത്ത കടയിൽനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.