അരീക്കോട് : 2018-ലെ പ്രളയത്തിൽ ചാലിയാറിലൂടെ ഒഴുകിയെത്തി അരീക്കോട് പാലത്തിന്റെ തൂണിൽ കുടുങ്ങിക്കിടന്ന് വളർന്ന് തുടങ്ങിയ മുളങ്കാട് ഏറനാട് താലൂക്ക് ദുരന്തനിവാരണ സേന നീക്കംചെയ്തു. ഫയർഫോഴ്സ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂറ്റൻ ക്രെയിനും മറ്റ് ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് മുളങ്കാട് നീക്കിയത്. പാലത്തിന്റെ തൂണിൽ മുളങ്കൂട്ടം കുടുങ്ങിക്കിടന്നത് കാരണം 2019-ലെ പ്രളയത്തിൽ പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. ഇത് കാരണം പുഴയുടെ ഗതി മാറുകയും പത്തനാപുരം ഭാഗത്ത് വലിയ തോതിൽ കരയിടിച്ചിലുണ്ടാവുകയും ചെയ്തു. വെസ്റ്റ് പത്തനാപുരം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു.

2020-ൽ വീണ്ടും പ്രളയമുണ്ടായാൽ സംഭവിക്കാനിടയുള്ള ദുരന്തം മുന്നിൽക്കണ്ട് ഏറനാട് തഹസിൽദാർ കെ.വി. ഗീതക്, കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ റൈഹാന ബേബി, സ്ഥിരംസമിതി അധ്യക്ഷൻ നജീബ് കാരങ്ങാടൻ എന്നിവർ നടത്തിയ ഇടപെടൽ പ്രകാരം ഏറനാട് താലൂക്ക് ദുരന്തനിവാരണ സേനയാണ് ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്തത്. മുളങ്കൂട്ടം വേരിറങ്ങി വളർന്നുതുടങ്ങിയത് കാരണമാണ് ക്രെയിനും പോലീസ് ബോട്ടും മറ്റു ആധുനിക ഉപകരണങ്ങളും ഉപയോഗിക്കേണ്ടിവന്നു. കാട് വെട്ടിത്തുടങ്ങിയപ്പോൾ പാമ്പുകൾ അടക്കം നിരവധി ജീവികൾ പുറത്തുവന്നു.

ഏറനാട് എൽ.ആർ. തഹസിൽദാർ ദേവകി, അരീക്കോട് പോലീസ് ഇൻസ്പെക്ടർ കെ.വി. ദാസൻ, കെ. നസീർ, അമീർ, മശ്ഹൂദ്, അസ്ഗർ അലി, അനിൽകുമാർ, ജാബിർ, കെ. ഹമീദ്, ദുരന്തനിവാരണ സമിതി കോ-ഓഡിനേറ്റർ ഉമറലി ശിഹാബ് വാഴക്കാട് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.