അരീക്കോട് : പകർച്ചവ്യാധി നിയന്ത്രണനിയമം ലംഘിച്ചുവെന്ന പരാതിയിൽ പി.കെ. ബഷീർ എം.എൽ.എ. അടക്കം നൂറോളം പേർക്കെതിരേ അരീക്കോട് പോലീസ് കേസെടുത്തു.

സി.പി.എം. അരീക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ടി. മുസ്തഫ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർചെയ്തത്.

കോവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെ കെ.എസ്.ഇ.ബി. ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വെള്ളിയാഴ്ച അരീക്കോട് കെ.എസ്.ഇ.ബി. ഓഫീസിന് മുമ്പിൽ ധർണ നടത്തിയിരുന്നു. ഇത് ഉദ്ഘാടനം ചെയ്തത് പി.കെ. ബഷീർ എം.എൽ.എ. ആയിരുന്നു.

തൊട്ടടുത്ത പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽപ്പോലും ഈ സമരത്തിൽ പങ്കെടുത്തവർ മുഖാവരണമിടുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ പരസ്യമായി സർക്കാർ ഉത്തരവ് ലംഘിച്ച് കോവിഡ് വ്യാപനത്തിന് സൗകര്യമൊരുക്കിയെന്നായിരുന്നു പരാതിയിലെ ആരോപണം.