അരീക്കോട് : കീഴുപറമ്പിൽ മൂന്നര വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശ പ്രകാരം നേരേത്ത രൂപീകരിച്ച പഞ്ചായത്ത്തല സമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് പരിധിയിൽ കടകൾ തുറക്കുന്ന സമയം രാവിലെ എട്ട്‌ മുതൽ വൈകുന്നേരം ആറ്‌ വരെയായി പരിമിതപ്പെടുത്തി. ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുന്നതിന് പഞ്ചായത്ത് പരിധിയിൽ ജനമൈത്രീ പോലീസിന്റെ സഹായത്തോടെ അനൗൺസ്‌മെൻറ് നടത്തും.

കളിസ്ഥലങ്ങളിലും മറ്റും യുവാക്കൾ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കാൻ പോലീസ് പട്രോളിങ്‌ ശക്തമാക്കും.

വിദേശത്തുനിന്നെത്തുന്നവർ സ്വന്തം വീടുകളിൽ ക്വാറന്റീനിലാണെങ്കിൽ വീട്ടിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റും. ഇതിനായി ഇത്തരം വീടുകളിൽ സമിതിപ്രവർത്തകർ നേരിട്ടെത്തി ബോധവത്കരണം നടത്തണം തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ച മൂന്നര വയസ്സുകാരന്റെ വീട്ടിൽനിന്ന്‌ വെള്ളിയാഴ്ച എട്ടുപേരെ കോവിഡ് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച കൊണ്ടുപോയ രണ്ടു പേർക്ക് പുറമേയാണിത്.