അരീക്കോട് : കീഴുപറമ്പ് പഞ്ചായത്തിൽ കുറ്റൂളിക്കടുത്ത കൊടവങ്ങാട്ടിൽ മൂന്നരവയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അരീക്കോടും പരിസരപ്രദേശങ്ങളും വീണ്ടും ആശങ്കയിലായി.

കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ഉംറ കഴിഞ്ഞെത്തിയ വെള്ളേരി സ്വദേശിനിയായ വീട്ടമ്മയായിരുന്നു. ഇത് നാട്ടുകാരെ കടുത്ത ആശങ്കയിലാക്കിയിരുന്നു. എങ്കിലും ഇവർ രോഗത്തിൽനിന്ന്‌ പൂർണ മോചനം നേടി. ഇതോടെ ആശ്വാസത്തിലായ നാട്ടുകാർ ഇപ്പോൾ പുതിയ രോഗവിവരമറിഞ്ഞാണ് വീണ്ടും ആശങ്കയിലായത്.

കോവിഡ് സ്ഥിരീകരിച്ച മൂന്നരവയസ്സുകാരന്റെ പിതാവിന്റെ വീട് കോഴിക്കോട് ജില്ലയിലെ നരിക്കുനിയിലാണ്. ലോക്ഡൗൺ കാരണം രണ്ടര മാസത്തിനുശേഷം കഴിഞ്ഞ ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് മേയ് 24-നാണ് ഇവർ കീഴുപറമ്പിലെ കൊടവങ്ങാട്ടുള്ള സ്വന്തം വീട്ടിലെത്തിയത്. നരിക്കുനിയിലായിരിക്കെ വീട്ടുകാർ അയൽപക്കത്തെ ഒരു ഡോക്ടറുടെ വീട്ടിൽ സൗഹൃദസന്ദർശനത്തിനു പോയപ്പോൾ ഈ മൂന്നരവയസ്സുകാരനും അവരോടൊപ്പം കൂടിയിരുന്നു. അരമണിക്കൂർമാത്രം ഇവിടെ ചെലവഴിച്ച് വീട്ടുകാർ മടങ്ങുകയുംചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഈ ഡോക്ടർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഇടംപിടിച്ച കുട്ടിയും കുട്ടിയുടെ മാതാവുമടക്കം കൊടവങ്ങാട്ടെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. കഴിഞ്ഞ ആറാംതീയതിയാണ് ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചത്.

വ്യാഴാഴ്ച കുട്ടിയുടെ റിസൾട്ട് പോസിറ്റീവ് ആണെന്നറിഞ്ഞതോടെ കുട്ടിയെ മഞ്ചേരി മെഡിക്കൽകോളേജിലേക്ക് മാറ്റി. കീഴുപറമ്പിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട്ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. റൈഹാന ബേബി പറഞ്ഞു.