അരീക്കോട് : അരീക്കോട്ടെ രണ്ട് പ്രധാന റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കാൻ റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ 186.16 കോടി രൂപ അനുവദിച്ചതായി പി.കെ. ബഷീർ എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു.

ഏറനാട് മണ്ഡലത്തിൽ വരുന്ന എരഞ്ഞിമാവ് ജില്ലാ അതിർത്തി മുതൽ എടവണ്ണ വരേയും അരീക്കോട് -പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ അരീക്കോട് മുതൽ നെല്ലിപ്പറമ്പ് വരേയുമുള്ള മൊത്തം 32.5 കിലോമീറ്റർ ദൂരത്തിലാണ് നവീകരണം നടത്തുക.

റോഡിന്റെ ഇരുവശങ്ങളിലും ഒരു മീറ്റർ വീതം വീതി കൂട്ടിയാണ് നവീകരണം നടത്തുക.

റോഡിന്റെ ഇരുവശങ്ങളിലുമായി അഴുക്കുചാലുകളും നടപ്പാതകളും നിർമിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ഓവുപാലങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവയും നിർമിക്കും. കെ.എസ്.ടി.പിക്കാണ് പദ്ധതിയുടെ മേൽനോട്ടം.

ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചൂവെന്നും നാല്‌ മാസങ്ങൾക്കകം പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.