അരീക്കോട്: ആദിവാസി വിഭാഗക്കാരായ വിദ്യാർഥികൾ ആശ്രയിക്കുന്ന ബദൽ സ്കൂളുകൾക്ക് ഗ്രാമപ്പഞ്ചായത്തുകൾ മുതൽ വിദ്യാഭ്യാസവകുപ്പുവരെ കടുത്ത അവഗണന. ഈ വിദ്യാലയങ്ങളുടെ കെട്ടിടങ്ങളിൽ ശരിയായ പരിശോധന നടക്കാത്തത് ഇതിന്റെ ഉദാഹരണമാണ്.
അരീക്കോട് ബി.ആർ.സി.പരിധിയിൽവരുന്ന എടവണ്ണ പഞ്ചായത്തിലെ ചോലാറ ബദൽസ്കൂൾ 2001-ൽ നിർമിച്ചതാണ്. ഇവിടെ അധ്യാപകനായ കെ.സി. അബ്ദുസ്സലാം മുൻകൈയെടുത്ത് സിമൻറ്തേച്ച ഉൾഭാഗമൊഴിച്ചാൽ പുറംഭാഗം പൊത്തുകൾനിറഞ്ഞ് പമ്പുകൾക്കും മറ്റും വാസയോഗ്യമായ സ്ഥിതിയിലാണ്. മേൽക്കൂരയ്ക്ക് ആസ്ബറ്റോസ് ഷീറ്റുകൾ പാടില്ലെന്ന് നിയമമുണ്ടെങ്കിലും അതും ഇവിടെ ബാധകമാക്കിയിട്ടില്ല.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കെട്ടിടം പണിയാനായി 20 ലക്ഷംരൂപ അനുവദിച്ചിരുന്നെങ്കിലും വനഭൂമിയിൽ കെട്ടിടം പണിയുന്നതിലെ നിയമപ്രശ്നമാണ് തടസ്സം. പഞ്ചായത്ത് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ കളക്ടറും ഡി.എഫ്.ഒയും മുൻകൈയെടുത്താൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലി ബദൽ സ്കൂളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 21 വർഷം പഴക്കമുള്ള ചോർന്നൊലിക്കുന്ന കെട്ടിടത്തിലേക്ക് എത്തിനോക്കാൻ പഞ്ചായത്തധികൃതരോ വിദ്യാഭ്യാസവകുപ്പോ ഇല്ല. വനം വകുപ്പ് അധികൃതരെത്തിയാണ് കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഷീറ്റിട്ട് നൽകിയത്. തറയുടെ ഉൾഭാഗത്തെ പൊത്തുകൾ അധ്യാപിക ഷിജി ജോസഫ് മുൻകൈയെടുത്താണ് സിമന്റ്തേച്ച് അടച്ചത്. 1996-ൽ കോളനിമൂപ്പൻ കേലൻ നൽകിയ 50 സെൻറ് സ്ഥലം വിദ്യാലയത്തിനുണ്ടെങ്കിലും ഇവിടേക്ക് വഴി കണ്ടെത്താൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഊർങ്ങാട്ടിരി ബദൽസ്കൂൾ കെട്ടിടത്തിനും ആസ്ബറ്റോസ് ഷീറ്റുകളാണുള്ളത്. സ്ഥാപനത്തിലേക്ക് വഴിയില്ല. വയറിങ് കഴിഞ്ഞ കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിക്കാൻ ഏതാനും പോസ്റ്റുകൾ വേണം. തൊട്ടടുത്ത ക്വാറിയിലേക്ക് ഇതുവഴി വൈദ്യുതിലൈൻ പോകുന്നുണ്ട് താനും. ഏതാണ്ട് 30,000 രൂപയുണ്ടെങ്കിൽ പ്രശ്നം തീർക്കാൻ. പക്ഷെ, പഞ്ചായത്തധികൃതർ കനിഞ്ഞിട്ടില്ല. കഞ്ഞിപ്പുര സിമന്റ് തേച്ച് പൊത്തടയ്ക്കേണ്ടതും അത്യാവശ്യമാണ്.