അരീക്കോട്: മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂൾ യുവജനോത്സവം ഭിന്നശേഷി കലാകാരൻ പ്രണവ് ഉദ്ഘാടനം ചെയ്തു. പൂർണമായും കൈകൾ ഇല്ലാത്ത പ്രണവ് കാലുകൾകൊണ്ട് ചിത്രം വരച്ചും നൃത്തച്ചുവടുകൾ വെച്ചും വിദ്യാർഥികളിൽ കൗതുകമുണർത്തി.
പ്രണവ് ഇതുവരെ വരച്ച ചിത്രങ്ങളിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതത് ഇതിനകം മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. കലോത്സവ വേദിയിൽ വെച്ച് പ്രഥമാധ്യാപകൻ ജി.എസ്. ലിജിൻ പ്രണവിനെ ആദരിച്ചു. മികച്ച സാമൂഹ്യസേവനത്തിനുള്ള എൻ.എസ്.എസ്. സംസ്ഥാന അവാർഡ് നേടിയ മൂർക്കനാട് എൻ.എസ്.എസ്. യൂണിറ്റിനേയും അതിന്റെ പ്രോഗ്രാം ഓഫീസർ എം. കൃഷ്ണനുണ്ണി, മികച്ച വൊളന്റിയർമാരായി തെരഞ്ഞെടുക്കപ്പെട്ട ജസ്ന എം.ടി. ആദിൽ ഹനാൻ എന്നിവരേയും ചടങ്ങിൽ അനുമോദിച്ചു.
ലോകകപ്പ് പ്രവചനമത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പം നടന്നു. പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് ടി. സൈദലവി അധ്യക്ഷനായി. ഭാരവാഹികളായ അരവിന്ദാക്ഷൻ, അഷ്‌റഫ് എം., സുമി ശിവരാമൻ, സ്കൂൾ ലീഡർ ഫാത്തിമ ഷദ, പ്രഥമാധ്യാപകൻ ജി.എസ്. ലിജിൻ, മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.