അങ്ങാടിപ്പുറം: മാണിക്യപുരം അയ്യപ്പക്ഷേത്രത്തിൽ ബുധനാഴ്ച മകരവിളക്കാഘോഷം നടക്കും. അശ്വാരൂഢനായ അയ്യപ്പനെക്കണ്ട് അനുഗ്രഹം നേടാനും കളഭാഭിഷേക ദർശനത്തിനുമായി ആയിരങ്ങളെത്തും.
ശബരിമലയിൽ മകരവിളക്കിനെത്താൻ സാധിക്കാത്തവർക്ക് ’മാണിക്യപുരത്തപ്പന്റെ മകരവിളക്ക്’ ദർശിക്കാം. രാവിലെ 4.30-ന് ഗണപതിഹോമത്തോടെ തുടങ്ങി രാത്രി 10-ന് ഹരിവരാസനാലാപനത്തോടെ നട അടയ്ക്കും.
രാവിലെ ഒൻപതുമുതൽ 12 വരെ കലാമണ്ഡലം ഹരിദാസ്, ബാലപിഷാരോടി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി നടക്കും. 25 കലശമാടലിനു ശേഷമാണ് വിശേഷാൽ കളഭാഭിഷേകം. സന്ധ്യക്ക് നിറദീപക്കാഴ്ചയൊരുക്കുന്ന ചുറ്റുവിളക്കുണ്ടാകും.
തുടർന്ന് നൃത്തസന്ധ്യ, മഞ്ചേരി ഹരിദാസും ഗുരുവായൂർ ശശിയും ഒരുക്കുന്ന ഇരട്ടത്തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയാണ്. രാത്രി 9.30-ന് മേളത്തോടുകൂടി എഴുന്നള്ളിപ്പിനും കരിമരുന്ന് പ്രയോഗത്തിനും ശേഷമാണ് ഹരിവരാസനത്തോടെ നട അടയ്ക്കുക. തന്ത്രി പന്തലക്കോട്ടത്ത് ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
കളംപാട്ടാഘോഷത്തിന് സമാപനമായി ചൊവ്വാഴ്ച ഭഗവതിക്കുള്ള ചുറ്റുതാലപ്പൊലി നടന്നു. മട്ടന്നൂർ ശിവരാമൻ, പുലാശ്ശേരി ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നൊരുക്കിയ കേളി, തന്ത്രിയുടെ നേതൃത്വത്തിൽ കളംപൂജ, കല്ലാറ്റ് മണികണ്ഠകുറുപ്പ്, അലനല്ലൂർ നന്ദൻ എന്നിവരുടെ കളംപാട്ട്, പുറത്തെഴുന്നള്ളിപ്പ്, താലം നിരത്തൽ, തിരി ഉഴിച്ചിൽ എന്നിവയും നടന്നു. കളംപാട്ട് കൂറ വലിച്ചതോടെ രണ്ടുമാസത്തോളം നീണ്ടുനിന്ന കളംപാട്ടുത്സവം സമാപിച്ചു.