അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേസ്റ്റേഷന് സർപ്രൈസായി ദക്ഷിണ റെയിൽവെ ജനറൽ മാനേജരുടെ പുരസ്കാരം. ഷൊർണൂർ-നിലമ്പൂർ പാതയിലെ ഔദ്യോഗിക പരിശോധനയുടെ ഭാഗമായാണ് ജനറൽ മാനേജർ ജോൺതോമസ് സ്റ്റേഷനിൽ എത്തിയത്.
മികച്ച സ്റ്റേഷനും മികച്ച ഗ്രൂപ്പ് പ്രവർത്തനത്തിനുമാണ് പുരസ്കാരം. അങ്ങാടിപ്പുറം സ്റ്റേഷനിലെ എല്ലാ ജീവനക്കാർക്കുമായി ഗ്രൂപ്പ് അവാർഡ് നൽകി. 7,000 രൂപ പാരിതോഷികമുള്ള അവാർഡിനുള്ള സർട്ടിഫിക്കറ്റ് സ്റ്റേഷൻ മാസ്റ്റർ അൻവർ ഹാസിം ജനറൽ മാനേജരിൽ നിന്ന് ഏറ്റുവാങ്ങി.
നിർമ്മാണം പൂർത്തിയാക്കിയ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം പരിശോധിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ പ്രതാപ്‌സിങ് ഷാമി, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ നീനു ഇട്ടിയാർ, ചീഫ് കൊമേഴ്‌സ്യൽ മാനേജർ പ്രിയംവദ വിശ്വനാഥൻ എന്നിവരും ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യേഗസ്ഥരും പാലക്കാട് ഡിവിഷണിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും, ആർ.പി.എഫ്. ഉദ്യോഗസ്ഥരും സംഘത്തൊടൊപ്പം ഉണ്ടായിരുന്നു.
നിലമ്പൂർ-ഷൊർണൂർ റെയിൽ യാത്രിക സംഘം, അങ്ങാടിപ്പുറം െറസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി, ഓൾകേരള റെയിൽവേ വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകൾ ജനറൽ മാനേജർക്ക് നിവേദനം സമർപ്പിച്ചു.