അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ കളംപാട്ടാഘോഷം വൃശ്ചികം ഒന്നിന് ഞായറാഴ്ച തുടങ്ങും. രാവിലെ 9.30-ന് പന്തീരടി പൂജയ്ക്കുശേഷം പാട്ടുകൊട്ടിലിലാണ് പാട്ട് കൂറയിടൽ ചടങ്ങ്. നാക്കിലയിൽ ചുരുട്ടിവെക്കുന്ന പാട്ട് കൂറ ക്ഷേത്രം കാവുടയനായർ ട്രസ്റ്റിക്കും, ട്രസ്റ്റി കളംപാട്ട് നടത്തിപ്പുകാരായ കുറുപ്പൻമാർക്കും കൈമാറും. കുറുപ്പൻമാർ ’കളംപാട്ട് കൂറയിടുകയല്ലേ’ എന്നുചോദിച്ച് സമ്മതം വാങ്ങിയശേഷം പുതിയ കൂറ പാട്ടുകൊട്ടിലിനുമീതെ വിതാനിക്കുകയും പഴയത് വലിച്ചുമാറ്റുകയുംചെയ്യും. അത്താഴപൂജയ്ക്കുശേഷം ഈവർഷത്തെ ആദ്യ കളംപൂജയും കളംപാട്ടും നടക്കും.