അങ്ങാടിപ്പുറം: വള്ളുവനാട് സാംസ്കാരികവേദി നടത്തിയ നന്തനാർ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി കേരള സാഹിത്യഅക്കാദമി നടത്തിയ സാംസ്കാരിക സെമിനാർ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനംചെയ്തു. ഗ്രാമീണഭംഗിയും വിശപ്പിന്റെ തീഷ്ണതയും വള്ളുവനാടൻ ഭാഷയുടെ തനിമയും നിറഞ്ഞുനിൽക്കുന്ന നന്തനാർകഥകൾ കാലത്തെ അതിജീവിക്കുന്നവയാണെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. സാഹിത്യകാരൻ സി. വാസുദേവൻ അധ്യക്ഷനായിരുന്നു. പട്ടാളജീവിതം പോലെത്തന്നെ പട്ടാളക്കഥകളും മറ്റ് കഥകളിൽനിന്ന് വേറിട്ടുനിൽക്കുന്നവയാണെന്ന് ’നമ്മുടെ പട്ടാളക്കഥകൾ’ എന്ന വിഷയം അവതരിപ്പിച്ച ഡോ. കെ.എം. അനിൽ വിശദമാക്കി. ദാരിദ്ര്യം മൂടിവെക്കാനുള്ളതല്ലെന്നും വിളംബരം ചെയ്യാനുള്ളതാണെന്നും നന്തനാർ തന്റെ കഥകളിലൂടെ അവതരിപ്പിച്ചുവെന്ന് ഡോ. കെ.പി. മോഹനൻ പറഞ്ഞു. ’വിശപ്പ് എന്ന യാഥാർഥ്യം-നന്തനാർ കൃതികളിലും അതിന് ശേഷവും’ എന്ന വിഷയമാണ് ഡോ. കെ.പി. മോഹനൻ അവതരിപ്പിച്ചത്. വിശപ്പിനെക്കുറിച്ച് അറിയാത്തവർ മനുഷ്യത്വത്തെക്കുറിച്ച് അറിയുന്നില്ല. ആപേക്ഷിക ദാരിദ്ര്യമാണ് ഇന്നുള്ളതെന്നും ഡോ. കെ.പി. മോഹനൻ കൂട്ടിച്ചേർത്തു.
തരകൻ ഹയർ സെക്കൻഡറി സ്കൂളിൽനടന്ന സെമിനാറിൽ വിദ്യാർഥികളടക്കം നൂറിലധികംപേർ പങ്കെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവൻ, ഗാനരചയിതാവ് പി.സി. അരവിന്ദൻ, വള്ളുവനാട് സാംസ്കാരികവേദി പ്രവർത്തകരായ ഹാരീഫ ഹൈദർ, ഉദയൻ ഏറാന്തോട്, ഹംസ ഓരാടംപാലം എന്നിവർ സംസാരിച്ചു.