വളളിക്കുന്ന് : സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന് അരിയല്ലൂർ എം.വി.എച്ച്.എസ്.എസിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ പുസ്തകത്തൊട്ടിൽ സ്ഥാപിച്ചു. പുതിയ പുസ്തകങ്ങളെ കൂടാതെ വീടുകളിൽ വായനയ്ക്കുശേഷം വെറുതേെവച്ച പുസ്തകങ്ങളും ശേഖരിച്ച് സംരക്ഷിച്ച് മറ്റുള്ള വിദ്യാർഥികൾക്ക് ഉപകാരമാകുംവിധം ലൈബ്രറിയുടെ ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത് നിർവഹിച്ചു. പ്രഥമാധ്യാപകൻ വിനു അധ്യക്ഷനായി. ഈ മാസം പതിനഞ്ചുവരെ തൊട്ടിലിൽ പുസ്തകങ്ങൾ നിക്ഷേപിക്കാം. പുസ്തകങ്ങളിൽ യോഗ്യമായവ ലൈബ്രറിയിലേക്കു മാറ്റും. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യ ദിനത്തിൽ 120 പുസ്തകങ്ങൾ ലഭിച്ചു. എസ്.പി.സി. പദ്ധതിയുടെ സി.പി.ഒ. ബിന്ദു ഭാസ്കർ, ഡ്രിൽ ഇൻസ്ട്രക്ടർ ധീരജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.