കോട്ടയ്ക്കൽ: അല്ലാഹുവിനെ പ്രാർഥിച്ചേ അജീഷ് എന്തും ചെയ്യൂ. ചെന്നൈയിലെ പോരൂരിൽ ഭരതനാട്യം പഠിപ്പിക്കാനൊരു സ്കൂൾ തുടങ്ങുമ്പോഴും ആ പ്രാർഥനയുണ്ടായിരുന്നു. ഒപ്പം, മൂലനാദമായ ഓംകാരം സ്കൂളിന്റെ പേരിൽ ഉണ്ടാകണമെന്നും അജീഷ് ചിന്തിച്ചു -അങ്ങനെയാണ് ഓംകാര ആർട്ട് ഫൗണ്ടേഷൻ പിറക്കുന്നത്.

ഇന്ന് ’ഓംകാര’യിൽ പല സംസ്ഥാനങ്ങളിൽനിന്നുള്ള 150 പേർ ഭരതനാട്യം അഭ്യസിക്കുന്നു. അവർക്ക് നാട്യരസംപകരുന്ന അജീഷ് വെറുമൊരു നൃത്താധ്യാപകനല്ല. പതിനഞ്ചോളം രാജ്യങ്ങളിൽ ക്ലാസിക്കൽ നൃത്തത്തിന്റെ ഭാവഭംഗികൾ എത്തിച്ച കലാകാരനാണ്. കൊറിയോഗ്രഫിയിൽ തമിഴകം മുഴുവൻ കേട്ടുതുടങ്ങിയ പേര്.

’പക്ഷേ, ഞാനിപ്പഴും മനസ്സുകൊണ്ട് മഞ്ചേരീല് തന്നെ...’, ചെന്നൈയിലായിരിക്കുമ്പോഴും തന്നെ താനാക്കിയ മലപ്പുറത്തെ ആ കാലമോർക്കുന്നു അജീഷ്.

’ബസ് ഡ്രൈവറായിരുന്നു ബാപ്പ മുഹമ്മദ് ഷെറീഫ്. ഉമ്മ അസ്മാബി അങ്കണവാടി ഹെൽപ്പറും. അവര്‌ടെ ചെറിയവരുമാനം ഞങ്ങക്ക് ജീവിക്കാൻ പോലും തെകഞ്ഞിരുന്നില്ല. നൃത്തത്തെ വല്ലാതെ സ്നേഹിച്ചിരുന്ന വല്യുമ്മയാണ് മഞ്ചേരിയിലെ രാധിക നൃത്തകലാക്ഷേത്രത്തിൽ എന്നെ ചേർക്കുന്നത്. അന്ന് നാലാം ക്ലാസിലാ ഞാൻ. കലാമണ്ഡലം സരോജിനിട്ടീച്ചറായിരുന്നു ഗുരു. അവിടെ ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ ഇനങ്ങൾ പഠിച്ചു. കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. 98-99 വർഷത്തിൽ ജില്ലാതലത്തിൽ കലാപ്രതിഭയായി. സംസ്ഥാനതലത്തിൽ മിക്കയിനങ്ങളിലും എഗ്രേഡ്... പത്താംക്ലാസ് കഴിഞ്ഞതോടെ ചെന്നൈയിലെ രുക്മിണീദേവി കോളേജ് ഓഫ് കലാക്ഷേത്രയിൽ നാലുവർഷത്തെ ഡിപ്ലോമ കോഴ്‌സിനു ചേർന്നു. ഏഴുവർഷത്തോളം അവിടത്തെ അധ്യാപകനായി.’

2013-ൽ ചെന്നൈ സ്വദേശിയായ കാർത്തിക്കുമായി ചേർന്ന് ഓംകാര ആർട്ട് ഫൗണ്ടേഷൻ തുടങ്ങി. തൊട്ടടുത്തുള്ള പ്രേമവാസം എന്ന അനാഥമന്ദിരത്തിലെ കുട്ടികളെ സൗജന്യമായി നൃത്തമഭ്യസിപ്പിച്ചു. സിനിമയിലും അരങ്ങുകളിലും അവസരങ്ങൾ വന്നുതുടങ്ങി. യന്തിരൻ സിനിമയിൽ ’പുതിയ മനിത...’ എന്ന ഗാനരംഗത്തിലെ റോബോട്ടിക് ഡാൻസ് ചെയ്തത് അജീഷായിരുന്നു. മോഷൻ കാപ്ചറിങ് എന്ന സാങ്കേതികവിദ്യയിലൂടെയാണത് റോബോട്ടിന്റെ നൃത്തമാക്കി മാറ്റിയത്. പ്രഭുദേവയുടെ ’വില്ല് ’ സിനിമയിൽ വിജയ്‌ക്കൊപ്പം നൃത്തംചെയ്തു. സിദ്ദീഖ് ലാലിന്റെ ’സാധുമിരണ്ടാൽ’, തെലുഗിലെ ’പൗർണമി’ എന്നീ ചിത്രങ്ങൾക്കും കൊറിയോഗ്രഫി ചെയ്തു. ജയറാം രാമചന്ദ്രന്റെ അളിവേണി മ്യൂസിക് ആൽബത്തിനും കൊറിയോഗ്രഫി അജീഷാണ്.

നടി ജയഭാരതിയുടെ അശ്വതി ഡാൻസ് അക്കാദമിയിൽ ഡാൻസ് ചെയ്യുന്നുണ്ട്. ശോഭന, വിനീത് തുടങ്ങിയ പ്രശസ്തർക്കൊപ്പം വേദി പങ്കിട്ടു. ഓംകാരയുടെ ശാഖ മഞ്ചേരിയിലും തുടങ്ങണമെന്നതാണ് അജീഷിന്റെ ആഗ്രഹം. സഹലയാണ് ഭാര്യ.

Content Highlights: Ajeesh-omkara art foundation