jathadevan nampoothiri
ജാതവേദൻ നമ്പൂതിരി

കോട്ടയ്ക്കൽ: അമ്പതുകളിൽ മാറാക്കരക്കാരുടെ ’സ്റ്റാർ’ ആയിരുന്നു ജാതവേദൻ നമ്പൂതിരി. അരങ്ങിൽ നായകവേഷത്തിൽ എത്തുന്ന ആ ചെറുപ്പക്കാരനെക്കാണാൻ ആരാധകർ ഏറെയെത്തി. അഭിനയത്തിലെ മിടുക്ക് ആവോളമുണ്ടായിരുന്നു, ഒപ്പം നായകന്മാർക്കുവേണ്ട രൂപസൗകുമാര്യവും.

1956 മുതൽ 62 വരെ സജീവമായിരുന്ന അച്ചിപ്ര കലാസമിതിയുടെ മിക്കനാടകങ്ങളിലും ജാതവേദൻ നമ്പൂതിരിയായിരുന്നു നായകൻ. അച്ചിപ്രയിലെ വടക്കത്തുമനയിൽ ഇപ്പോൾ കൃഷിയും വായനയുമൊക്കെയായി കഴിയുന്ന ജാതവേദൻ നമ്പൂതിരിക്ക് എൺപത്തിമൂന്നാം വയസ്സിൽ അതൊക്കെ സുഖമുള്ള ഓർമകളാണ്.

’അന്നെനിക്ക് ഇരുപതുവയസ്സ് കാണും. ഞങ്ങൾ അച്ചിപ്രയിലെ ചെറുപ്പക്കാർക്ക് വൈകുന്നേരമായാൽപ്പിന്നെ പാട്ടും റിഹേഴ്‌സലും മാത്രമേ ഉള്ളൂ. പടിഞ്ഞാറ്റുകര വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട അച്ചിപ്ര കലാസമിതിയിലെ അംഗങ്ങളാണ് ഞങ്ങൾ. മാറാക്കര യു.പി. സ്കൂളിലെ ഹാൾ ആയിരുന്നു വേദി. ഓണത്തിനും സ്കൂൾവാർഷികത്തിനും അവിടെ നാടകം അവതരിപ്പിക്കണം. പുറമെയുള്ള സ്കൂളുകളും ക്ലബ്ബുകളും ആഘോഷക്കമ്മിറ്റികളും നാടകങ്ങൾക്കും ഗാനാവതരണങ്ങൾക്കും ഞങ്ങളെ വിളിച്ചിരുന്നു. പ്രശസ്തമായ ഒട്ടേറെ കഥകൾ അവതരിപ്പിക്കാൻ കഴിഞ്ഞു. പൊൻകുന്നം വർക്കിയുടെ ’വിശറിക്കു കാറ്റുവേണ്ട’, പി.എൻ.എം. ആലിക്കോയയുടെ ’വമ്പത്തി, നീയാണ് പെണ്ണ്’, കെ.ടി. മുഹമ്മദിന്റെ ’ഇതു ഭൂമിയാണ്..’ തുടങ്ങി എത്രയോ നാടകങ്ങൾ... ചെറുകാട്, തോപ്പിൽഭാസി, തിക്കോടിയൻ തുടങ്ങിയവരുടെ നാടകങ്ങളും അവതരിപ്പിച്ചു...’

അഭിനയിക്കുകയാണെന്ന് തോന്നാത്തത്ര സ്വാഭാവികമാണ് ജാതവേദൻനമ്പൂതിരിയുടെ അഭിനയമെന്ന് അച്ചിപ്ര കലാസമിതിയിലെ കലാകാരനും കെ.പി.സി.സി. നിർവാഹകസമിതി അംഗവുമായ പി. കൃഷ്ണൻനായർ പറയുന്നു.

നമ്പൂതിരി നല്ലൊരു ഗായകനുമായിരുന്നു. ’മാരിവില്ലിൻ തേന്മലരേ..’, ’അമ്പിളിയമ്മാവാ...’, ’ബലികുടീരങ്ങളേ....’ എന്നിങ്ങനെയുള്ള പല ഗാനങ്ങളും അദ്ദേഹം മനോഹരമായി പാടി. അന്ന് ഓരോ വേദിയിലും പാട്ട് പാടണം. റെക്കോർഡ് ഇല്ല. ഓർക്കസ്ട്രയിൽ തിരൂർഷായെയും തിരൂർ റഹ്‌മാനെയുംപോലുള്ള പ്രഗത്ഭരുണ്ടായിരുന്നു -കൃഷ്ണൻനായർ ഓർക്കുന്നു.

കുട്ടിക്കാലംമുതലേ അഭിനയം ഇഷ്ടപ്പെട്ട ജാതവേദൻ തൊട്ടടുത്തുള്ള മൂത്താട്ടുമനയിൽ അച്ഛന്റെ എതിർപ്പ് അവഗണിച്ചും നാടകം കാണാൻപോയി. പൊന്നാനി ഏ.വി. ഹൈസ്കൂളിലെ പഠനം കലാതാത്പര്യത്തെ വളർത്തി. സഹോദരന്മാരായ വാസുദേവൻ, വാമനൻ, ചിത്രഭാനു എന്നിവരും പിൽക്കാലത്ത് മാറാക്കരയിലെ ഫ്രണ്ട്‌സ് ക്ലബ്ബിലൂടെ നാടകവേദികളിൽ തിളങ്ങി. ജാതവേദൻനമ്പൂതിരിക്കൊപ്പം കലാസമിതിയിൽ ഉണ്ടായിരുന്നവരിൽ കുറച്ചുപേരേ ഇപ്പോൾ ഉള്ളൂ- എ.വി. കൃഷ്ണൻനമ്പൂതിരി, പി. കൃഷ്ണൻനായർ, പി. വിശ്വനാഥൻ, കെ. ഗംഗാധരൻ എന്നിവർ.

ശ്രീദേവിയാണ് ജാതവേദൻ നമ്പൂതിരിയുടെ ഭാര്യ. പ്രസാദ്, ജയദേവൻ, രാംദാസ്, സ്മിത എന്നിവരാണ് മക്കൾ.

content highlights: Achipra kalasamithi