എടക്കര: കാനനഭംഗി ആസ്വാദിക്കാനെത്തുന്ന സഞ്ചാരികൾക്കായി നവീകരിച്ച മേട്ടുപ്പാളയം-ഊട്ടി പൈതൃകതീവണ്ടി ഒരുങ്ങി. രണ്ട് ബോഗികൾകൂടി ഘടിപ്പിച്ച തീവണ്ടിയിൽ ശീതീകരണി ക്രമീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ ചിത്രങ്ങൾ പതിച്ച് ബോഗികൾ മനോഹരമാക്കിയിട്ടുണ്ട്.

റെയിൽവേയുടെ തിരുച്ചിറപ്പള്ളി ഗോൾഡൺറോക്ക് വർക്ക്ഷോപ്പിലാണ് ബോഗികളുടെ പുനർനിർമാണം നടന്നത്. പുതിയ വണ്ടിയുടെ പരീക്ഷണ ഓട്ടം ശനിയാഴ്ച മേട്ടുപ്പാളയം മുതൽ കുന്നൂർ വരെ നടന്നു. കല്ലാർ, അഡർലി, റാണിമേട്, വെല്ലിങ്‌ടൺ, അറവങ്ങാട്, കെറ്റി, ലൗട്ടെയിൽ എന്നിവയാണ് സ്റ്റേഷനുകൾ. മേട്ടുപ്പാളയം മുതൽ കുന്നൂർ വരെ കൽക്കരിയും തുടർന്ന് ഊട്ടി വരെ ഡീസലുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്താണ് നീലഗിരി റെയിൽവേ തുടങ്ങിയത്. വന്യമൃഗങ്ങളെ കാണാൻ കഴിയുമെന്നുള്ളതാണ് യാത്രയുടെ പ്രത്യേകത. 46 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്കിടയിൽ 106 വളവുകൾ, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ എന്നിവയുമുണ്ട്.

1908-ൽ നിർമിച്ച ഈ റെയിൽവേപാത ലോകത്ത് ഇപ്പോൾ അപൂർവമായി ഉപയോഗിക്കുന്ന മീറ്റർ ഗേജ് പാതകളിലൊന്നാണ്. യുനസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി 2005-ൽ പ്രഖ്യാപിച്ചതോടെയാണ് ഈ പാത ലോകശ്രദ്ധയാകർഷിച്ചത്.

Content Highlights: ac coaches attached in ooty heritage train