കാളികാവ് : കേരളം കേന്ദ്രീകരിച്ച് മാവോവാദി പ്രവർത്തനം നടത്തിയവരിൽ ഭൂരിഭാഗംപേരും പോലീസ് പിടിയിലായി. സംസ്ഥാനത്ത് മാവോവാദി സായുധസേനയായ പി.എൽ.ജി.എ. (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) പ്രവർത്തനം തുടങ്ങിയ 2013 മുതൽ പോലീസും നടപടി കടുപ്പിച്ചു.

2021 വരെ മാവോവാദികൾക്കെതിരേ 250-ൽപ്പരം യു.എ.പി.എ. കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. പ്രതിചേർത്ത 68 പേരെ ഇതിനോടകം പിടികൂടുകയും ചെയ്തിട്ടുണ്ട്. ഏതാനുംപേർ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. പി.എൽ.ജി.എ. അംഗങ്ങൾ മുതൽ മാവോവാദി ഫ്രണ്ട് ഓർഗനൈസേഷൻ, അർബൻ കമ്മിറ്റി ഭാരവാഹികളും പിടിയിലായവരിലുണ്ട്. സംസ്ഥാനത്ത് പ്രവർത്തകരുടെ അറസ്റ്റിനു പുറമെ നാലു ഏറ്റുമുട്ടലുകളിലായി എട്ടുപേർ കൊല്ലപ്പെടുകയുംചെയ്തു. അറസ്റ്റിലായവരിലും കൊല്ലപ്പെട്ടവരിൽ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് കൂടുതൽ. ഇതിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീൽ മാത്രമാണ് മലയാളി.

മാവോവാദി കേന്ദ്രകമ്മിറ്റി അംഗം ആന്ധ്രാപ്രദേശ് സ്വദേശി കുപ്പു ദേവരാജ് ഒഴിച്ചാൽ മരിച്ച ആറുപേരും തമിഴ്നാട്ടുകാരാണ്. മലയാളികളായ തൃശ്ശൂർ തളിക്കുളം സ്വദേശി സിനോജും പാലക്കാട് മലമ്പുഴ സ്വദേശി ലതയും ഏറ്റുമുട്ടലില്ലാതെ കൊല്ലപ്പെട്ടതായും മാവോവാദികൾ പറയുന്നുണ്ട്. സിനോജ് ബോംബ് നിർമാണത്തിനിടയിൽ പൊട്ടിത്തെറിച്ചു മരിച്ചുവെന്നും ലതയെ ആന ചവിട്ടിക്കൊന്നുവെന്നുമാണ് സംഘടന പുറത്തുവിട്ട വിവരം.

കേരള, തമിഴ്നാട് പോലീസാണ് മാവോവാദികളെ പിടികൂടിയത്. രാജൻ ചിറ്റിലപ്പിള്ളി, തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി രൂപേഷ്, സായുധ പരിശീലകനായ ഛത്തീസ്‌ഗഢ് സ്വദേശി ദീപക്, മഹാലിംഗം, റീന, ശ്രീമതി, കാളിദാസൻ, ഡാനിഷ്, ചിന്നവേൽ, ഞൊണ്ടി ഇബ്രാഹിം, മേലേതിൽ ഉസ്മാൻ, താഹ ഫസൽ, അനൂപ് മാത്യു, ടി.കെ. രാജീവൻ, ദിനേശ് തുടങ്ങിയവരാണ് പിടിയിലായവർ.

ഒടുവിൽ പിടിയിലായത് മാവോവാദി അർബൺ കമ്മിറ്റി നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി മേലേതിൽ ഉസ്മാനാണ്. ഇവരടക്കം മുപ്പതിലേറെ പേർ വിചാരണത്തടവുകാരായി ജയിലുകളിലാണുള്ളത്.

സംസ്ഥാനത്ത് മാവോവാദി പ്രവർത്തനം നടത്തിയവരിൽ പിടികിട്ടാനുള്ള പ്രമുഖർ വിക്രം ഗൗഡ, സോമൻ, സുന്ദരി, ആശ, ശ്രീമതി, ജയണ്ണ, ഗോപാലകൃഷ്ണൻ, സി.പി. മൊയ്തീൻ, ലെനിൻ, ജഗദീഷ്, കൃഷ്ണ, അനിത, ചന്ദ്രശേഖര ഗൗരിവാൾ, ലത ശേഖർ തുടങ്ങിയവരാണ്. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നവരിൽ മാവോവാദി പ്രസ്ഥാനം വിട്ട് കീഴടങ്ങിയവരുമുണ്ട്.

സുന്ദരൻ (ഉണ്ണികൃഷ്ണൻ), കന്യാകുമാരി (കന്യ), ആനന്ദകുമാർ (ഭഗത് സിങ്), പദ്മ തമിഴ്നാട് എന്നീ പ്രമുഖർ കീഴടങ്ങിയതാണ്. ഇവർ മുൻകാല കേസുകളുടെ പേരിൽ വിചാരണത്തടവുകാരായി ജയിലുകളിൽ തന്നെയാണുള്ളത്.