പെരിന്തൽമണ്ണ: അതിരിടാത്ത സൗഹൃദം വർഷങ്ങൾക്ക് ശേഷം കൈകോർത്തപ്പോൾ തിരികെപ്പിടിച്ചത് ജപ്തി ഭീഷണിയും വീടിന്റെ ശോചനീയാവസ്ഥയും വരിഞ്ഞുമുറുക്കിയ സഹപാഠിയുടെ ജീവിതം. അരിപ്ര കാവുംപടി മുത്തപ്പൻകാവ് കോളനിയിലെ ഉണ്ണിക്കൃഷ്ണനാ(50)ണ് 32 വർഷംമുൻപ് ഒപ്പം പഠിച്ചവർ ആശ്വാസമേകിയത്.

പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിലെ 1985-87 പ്രീഡിഗ്രി ബാച്ചാണ് സഹപാഠിക്ക് സഹായഹസ്തമായത്. ഇവരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് പണം സ്വരൂപിച്ചത്. ഇതുപയോഗിച്ച് ഉണ്ണിക്കൃഷ്ണന്റെ ബാങ്ക് വായ്പ തിരിച്ചടയ്ക്കുകയും വീട് നന്നാക്കിക്കൊടുക്കുകയും മകളുടെ വിവാഹത്തിന് ഒരു തുക ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിൽ പെരിന്തൽമണ്ണ പോളിടെക്‌നിക്കിലായിരുന്നു കൂട്ടായ്മ സംഗമം നടത്തിയത്. ഇതിനായി ക്ഷണിക്കാൻ ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ അവസ്ഥയും വായ്പ വിവരങ്ങളും അറിഞ്ഞത്.

കേന്ദ്രസർക്കാർ പദ്ധതിപ്രകാരം ലഭിച്ച വീട് പൂർത്തിയാക്കുന്നതിനാണ് അരലക്ഷം രൂപ വായ്പയെടുത്തത്. ചെയ്തിരുന്നജോലി തുടരാനാവാത്ത സാഹചര്യമുണ്ടായതോടെ വീട് പൂർത്തിയാക്കാനായില്ല. വായ്പ തിരിച്ചടവും മുടങ്ങി. രണ്ടുമക്കളുടെ പഠനവും മറ്റു ജീവിതച്ചെലവും വരിഞ്ഞുമുറുക്കുമ്പോഴാണ് ബാങ്കിൽ നിന്നും വായ്പ തിരിച്ചടയ്ക്കാനാവശ്യപ്പെട്ടത്.

125 അംഗങ്ങളുള്ള കൂട്ടായ്മയിൽ വിവരം പ്രചരിച്ചതോടെ പ്രവാസികൾ അടക്കമുള്ളവർ രണ്ടുദിവസത്തിനുള്ളിൽ തുക നൽകി. ഇതിൽനിന്നും 65,000 രൂപയോളം ബാങ്കിലടച്ച് ആധാരം തിരികെവാങ്ങി. ബാക്കിതുക വീട് നിർമാണത്തിനും ഉണ്ണിക്കൃഷ്ണന്റെ മകൾ ഐശ്വര്യയുടെ വിവാഹാവശ്യത്തിലേക്ക് മുൻകൂറായി ബാങ്കിലിടാനും ഉപയോഗിച്ചു. ഭാര്യ ലക്ഷ്മിയും മകൻ ശിവപ്രസാദുമാണ് ഇവർക്കൊപ്പം വീട്ടിലുള്ളത്.

കഴിഞ്ഞദിവസം കൂട്ടായ്മയിലെ അംഗങ്ങളും വീട്ടുകാരും ചേർന്ന് നവീകരിച്ച വീട്ടിൽ ചെറിയ ചടങ്ങും നടത്തി. ഇവരുടെ അധ്യാപകനായിരുന്ന പ്രൊഫ. സുരേന്ദ്രനാഥ് വീടിന്റെ ആധാരം ഉണ്ണിക്കൃഷ്ണനെ തിരിച്ചേൽപ്പിച്ചു. ശശികുമാർ സാകേതം, ഷാഹിദ ഹമീദ്, വി. അബ്ദുൾസലീം, അഷ്‌റഫലി ചേരിയം, എ.എസ്.ഐ. കുഞ്ഞൻ, വർഗീസ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.