മഞ്ചേരി : മഞ്ചേരിയിൽ മെഡിക്കൽ കോളേജ് ആരംഭിച്ചതോടെ നഷ്‌ടമായ ജനറൽ ആശുപത്രി പുനഃസ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) അഭിപ്രായപ്പെട്ടു.

2013-ൽ ജനറൽ ആശുപത്രിയുടെ ബോർഡ് മാറ്റിയാണ് മെഡിക്കൽ കോളേജ് തുടങ്ങിയത്. 2014-ൽ ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ജനറൽ ആശുപത്രി പുനഃസ്ഥാപിക്കാനുള്ള നയപരമായ തീരുമാനം സർക്കാർ എത്രയുംവേഗം എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മഞ്ചേരി യൂണിറ്റ് കൺവീനർ ഡോ. ബാസിമ അധ്യക്ഷതവഹിച്ചു. താലൂക്ക് കൺവീനർ ഡോ. വി. അൻവർ സാദത്ത്, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ. റഊഫ്, ഡോ. കെ.വി. സുബീർ ഹുസൈൻ, ഡോ. ടി.വി. കൃഷ്ണദാസ്, ഡോ. എ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.