മലപ്പുറം : സ്വാതന്ത്ര്യസമരകാലത്ത് കേരളത്തിലെ ദേശീയപ്രസ്ഥാനത്തെ നട്ടുവളർത്തിയ നേതാവായിരുന്നു കെ. മാധവൻനായരെന്ന് ആര്യാടൻ മുഹമ്മദ്. ചരിത്രകാരൻ, സാഹിത്യകാരൻ, രാഷ്ട്രീയനേതാവ് എന്നീ നിലകളിൽ ശോഭിച്ച അദ്ദേഹം നീതിക്കുവേണ്ടിയാണ് എക്കാലവും നിലകൊണ്ടത്.

ഡി.സി.സി. ഓഫീസിൽനടന്ന കെ. മാധവൻനായരുടെ 88-ാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം. പുരോഗമന മതേതര ചിന്താഗതിക്കാരനായിരുന്ന മാധവൻനായർ സ്ഥാപിച്ച മാതൃഭൂമി ദിനപ്പത്രം സ്വാതന്ത്ര്യസമരത്തിൽ വലിയ പങ്കാണ് വഹിച്ചത്. എത്ര വെല്ലുവിളികൾവന്നാലും കോൺഗ്രസ് പാർട്ടി മതേതര നിലപാട് ഉയർത്തിപ്പിടിക്കണം. വർഗീയത നാടിന് ആപത്താണ്.

ഹിന്ദുരാഷ്ട്രവും മുസ്‍ലിംരാഷ്ട്രവും ഉണ്ടാകാൻ പാടില്ല. മലബാർ കലാപത്തിന്റെ വസ്തുതകൾ അറിയാൻ മാധവൻനായർ എഴുതിയ പുസ്തകമാണ് വായിക്കേണ്ടത്. - ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷതവഹിച്ചു. എ.പി. അനിൽ കുമാർ എം.എൽ.എ., കെ.പി.സി.സി. ജനറൽസെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി, മംഗലം ഗോപിനാഥ്, പി.ടി. അജയ് മോഹൻ എന്നിവർ പ്രസംഗിച്ചു.