തിരൂർ : ഓൺലൈൻ ചാറ്റിങ്ങിലൂടെ സ്വവർഗരതിക്കായി ആളുകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂർ പോലീസ് അറസ്റ്റുചെയ്തു. പ്രതികളിൽ ഒരാൾ ചാറ്റ് ചെയ്ത് പണവും സ്ഥലവും പറഞ്ഞുറപ്പിച്ചശേഷം സ്ഥലത്തെത്തുന്ന ആവശ്യക്കാരന്റെ വീഡിയോ എടുത്ത് പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി.

തിരൂർ പൂക്കയിൽ സ്വദേശിയുടെയും പൊന്നാനി സ്വദേശിയുടെയും പരാതിയിലാണ് തിരൂർ പോലീസ് കേസ്സെടുത്ത് മുഴുവൻ പ്രതികളെയും പിടികൂടിയത്.

തിരൂർ മുത്തൂർ സ്വദേശി കളത്തിൽപറമ്പിൽ ഹുസൈൻ (26), തിരൂർ ബി.പി.അങ്ങാടി സ്വദേശി പുതിയത്ത് മുഹമ്മദ് സാദിഖ് (20), വെട്ടം പരിയാപുരം സ്വദേശി കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവരുൾപ്പെടെ ഏഴുപേരെയാണ് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. മൂന്നുപേരെ തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.

തിരൂർ പൂക്കയിൽ സ്വദേശിയായ യുവാവിന്റെ 85,000 രൂപയും കൈയിലെ വിലപിടിപ്പുള്ള രണ്ടു വെള്ളി മോതിരവും പൊന്നാനി സ്വദേശിയുടെ 18,000 രൂപയുടെ മൊബൈൽ ഫോണും 500 രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികൾ ഇതുപോലെ കുറേ ആളുകളെ ഭീഷണിപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. തിരൂർ പോലീസ് എസ്.എച്ച്.ഒ. എം.ജെ. ജിജോ, എസ്.ഐ. അബ്ദുൾ ജലീൽ കറുത്തേടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനീഷ് ദാമോദർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. മൊബൈൽഫോൺ വിറ്റ തിരൂരിലെ ഗൾഫ് മാർക്കറ്റിൽ കൊണ്ടുവന്ന് തെളിവെടുപ്പിനുശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഏഴംഗസംഘം പിടിയിൽ