എടപ്പാൾ : മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ കുടുംബത്തിന്റെ ജീവിതസമ്പ്രദായവും സാഹചര്യവും നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങൾ പുറത്തിറക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
പിതാവിന്റെ ജാതിയും കുടുംബത്തിന്റെ ജീവിതസമ്പ്രദായവും പരിഗണിച്ചാണ് ജാതിസർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതുസംബന്ധിച്ച് കൃത്യമായ നിർദേശങ്ങളില്ലാത്തതിനാൽ പല കുട്ടികൾക്കും സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരമായാണ് നിർദേശം. ജീവിതസമ്പ്രദായം തെളിയിക്കാനാവശ്യമായ രേഖകളെന്തെന്നതു സംബന്ധിച്ച് ഇപ്പോൾ കൃത്യമായ മാനദണ്ഡങ്ങളില്ല. ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തുന്ന അന്വേഷണത്തിൽ ലഭിക്കുന്ന വിവരമനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്.
ഹിന്ദു തിയ്യവിഭാഗത്തിലുള്ള പിതാവിന്റെയും നായർ വിഭാഗത്തിൽപ്പെട്ട മാതാവിന്റെയും മകന് വില്ലേജ് ഓഫീസർ ജാതിസർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് നിർദേശം. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ 2005-ലെ വിധിയിലും ഇതിന്റെയടിസ്ഥാനത്തിൽ സർക്കാരിറക്കിയ ഉത്തരവിലും മിശ്രവിവാഹിതരുടെ മക്കളുടെ ജാതി തീരുമാനിക്കേണ്ടത് പിതാവിന്റെ ജാതിയുടെയും കുടുംബത്തിന്റെ ജീവിതസാഹചര്യത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികവും സാംസ്കാരികവുമായ പിന്നാക്കാവസ്ഥയ്ക്കും അപേക്ഷകരവകാശപ്പെടുന്ന കാര്യങ്ങൾക്കുമുള്ള രേഖകളും വസ്തുതകളും എന്തെല്ലാമെന്ന് വ്യക്തമാക്കി ഉടൻ നിർദേശം നൽകണമെന്നാണ് കമ്മിഷൻ നിർദേശം .
അർഹതയുണ്ടായിട്ടും സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടി അവകാശലംഘനമായി കണക്കാക്കി വകുപ്പുതല നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.