മലപ്പുറം : കോവിഡിനെത്തുടർന്ന് അടച്ചിട്ട തിയേറ്ററുകൾക്ക് ബുധനാഴ്ച മുതൽ പ്രവർത്തനാനുമതി ഉണ്ടായിരുന്നെങ്കിലും ജില്ലയിൽ മിക്കതും തുറന്നില്ല. രണ്ടാം ലോക്ഡൗണിനെത്തുടർന്ന് മാർച്ചിലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ അടച്ചത്. ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം തുറന്ന തിയേറ്ററുകളിലാകട്ടെ അധികം കാണികളുമെത്തിയില്ല.

പെരിന്തൽമണ്ണ, എടപ്പാൾ, നിലമ്പൂർ, തിരൂർ, കൊണ്ടോട്ടി, അങ്ങാടിപ്പുറം, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഒരു തിയേറ്ററും തുറന്നിട്ടില്ല. കോട്ടയ്ക്കൽ സംഗീത ലൂമിയർ, മഞ്ചേരി ഇന്ത്യൻ മാൾ (ഒരു സ്‌ക്രീൻ) എന്നിവിടങ്ങളിൽ പ്രദർശനമുണ്ടായിരുന്നെങ്കിലും കാണികൾ കുറവായിരുന്നു.

വളാഞ്ചേരിയിൽ രണ്ട് ഫിലിം സിറ്റികളിലേയും ഓരോ തിയേറ്ററുകളാണ് തുറന്നത്. ചങ്ങരംകുളം മാർസിൽ ഒരു സ്‌ക്രീനിൽ മാത്രം ഇംഗ്ലീഷ് സിനിമ പ്രദർശിപ്പിച്ചു. മലപ്പുറം മാട്ടിൽ മാളിലെ ഒരു സ്‌ക്രീനിൽ വൈകീട്ടും രാത്രിയുമായി രണ്ട് ഷോ നടത്തി.

പെരിന്തൽമണ്ണ വിസ്മയ തീയേറ്റർ വ്യാഴാഴ്ച മുതൽ പ്രവർത്തിക്കും. ഒരു തമിഴ് ചിത്രവും മൂന്ന് ഇംഗ്ലീഷ് ചിത്രവുമാണ് പ്രദർശിപ്പിക്കുക. വെള്ളിയാഴ്ച മുതൽ രണ്ട് മലയാള ചിത്രങ്ങളുണ്ടാകും. തിരൂരിൽ ഖയ്യാം വ്യാഴാഴ്ച തുറക്കും. സെൻട്രലും അനുഗ്രഹയും തീയതി തീരുമാനിച്ചിട്ടില്ല.