എടപ്പാൾ : സൂര്യ വരച്ച എ.ആർ. റഹ്‌മാന്റെ ചിത്രം ഒറ്റനോട്ടത്തിൽ കണ്ടാൽ പ്രത്യേകിച്ചൊന്നും തോന്നില്ല. എന്നാൽ അതൊന്നു സൂം ചെയ്തു നോക്കിയാലറിയാം, ചിത്രത്തിലൊളിഞ്ഞു കിടക്കുന്ന സംഗീതസ്പർശം. എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യഗാനം മുതൽ ഇതുവരെയുള്ളവയിൽ പ്രസിദ്ധമായ 391 ഗാനങ്ങളിലെ വരികളെടുത്താണ് ഈ ചിത്രം സൂര്യ പൂർത്തിയാക്കിയത്. അതും രണ്ടു മണിക്കൂർ 20 മിനിറ്റെടുത്ത് ഒരേ ഇരുപ്പിൽ.

71 സെന്റീമീറ്റർ ഉയരവും 56 സെ.മീ. വീതിയുമുള്ളതാണ് ചിത്രം. രണ്ടാംക്ലാസുമുതൽ ചിത്രരചനയിൽ താത്‌പര്യമുള്ള സൂര്യ ഒരിക്കൽപ്പോലും ചിത്രരചന പഠിച്ചിട്ടില്ല. മത്സരങ്ങളിലെല്ലാം പങ്കെടുക്കും. പലതിലും സമ്മാനങ്ങളും ലഭിച്ചു. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇപ്പോൾ ബോട്ടണിയിൽ ബിരുദാനന്തര ബിരുദമെടുത്തു. തിരൂരിലെ പാരലൽകോളേജ് അധ്യാപകനായ സതീഷ് ചന്ദ്രനെ വിവാഹംകഴിച്ചു. ഇപ്പോൾ രണ്ടുവയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഇതിനിടയിലാണ് പഴയ കലാപ്രേമം വീണ്ടും പൊടി തട്ടിയെടുത്തത്. എ.ആർ. റഹ്‌മാന്റെ 1992-ലെ ‘ചിന്ന ചിന്ന ആശൈ’ മുതലുള്ള പ്രധാനഗാനങ്ങളെല്ലാം ഇതിലുണ്ട്. അദ്ദേഹത്തിന്റെ കണ്ണുകൾ വരച്ചതാകട്ടെ ഏറെ പ്രിയങ്കരമായ ‘കണ്ണാളനേ’ എന്ന ഗാനമുപയോഗിച്ചും.

ചിത്രം എ.ആർ. റഹ്‌മാന് സമ്മാനിക്കണമെന്ന് സൂര്യക്ക്‌ മോഹമുണ്ടെങ്കിലും നടക്കുമോയെന്ന് വിശ്വാസമില്ല. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് അദ്ദേഹം കാണുമെന്ന പ്രതീക്ഷയിലാണ് എടപ്പാൾ ആമ്പലിൽ കുമാരന്റെ മകളായ സൂര്യയിപ്പോൾ. ചിത്രം ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയിട്ടുണ്ട്.