കൊണ്ടോട്ടി : കോഴിക്കോട് ഭാഗത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള ദേശീയപാത നാലുവരിപ്പാതയാക്കുന്നതിനുള്ള പ്രാരംഭനടപടികൾ തുടങ്ങി. ഇതിനായി പൊതുമരാമത്ത് വകുപ്പ് 33.7 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി നൽകിയിട്ടുണ്ട്. രാമനാട്ടുകര മുതൽ കൊളത്തൂർ ജങ്ഷൻവരെയുള്ള 12 കിലോമീറ്റർ നീളത്തിലാണ് നാലുവരിപ്പാതയാക്കാൻ ഉദ്ദേശിക്കുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി അലൈൻമെന്റ്, പഠനം എന്നിവയാണ് ആദ്യഘട്ടത്തിൽ നടത്തുക. അനുമതി ലഭിക്കുന്നതുപ്രകാരമാകും തുടർനടപടികൾ. കരിപ്പൂർ വിമാനത്താവള യാത്രക്കാരിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്ന റോഡാണിത്. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡിൽ സൗകര്യമില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ഈ റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

സെപ്റ്റംബർ 23-ന് കോഴിക്കോട് ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ-ഓർഡിനേഷൻ സമിതി യോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നു. രാമനാട്ടുകര മുതൽ വിമാനത്താവള ജങ്ഷൻവരെയുള്ള ഭാഗം നാലുവരിയാക്കുന്നതിനുള്ള അലൈൻമെൻറ്, ഇൻവെസ്റ്റിഗേഷൻ എന്നിവ നടത്തുന്നതിന് ദേശീയപാത കോഴിക്കാട് എക്സിക്യുട്ടീവ് എൻജിനീയർ നിർദേശം നൽകി. തുടർന്നാണ് പ്രാരംഭ നടപടികൾ തുടങ്ങിയത്.