കിഴിശ്ശേരി : അരീക്കോട്-കൊണ്ടോട്ടി സംസ്ഥാനപാതയിൽ ഹാജിയാർപടിയിൽ നൂറുവർഷത്തിലധികം പഴക്കമുള്ള 'വിളയിൽകോടൻ' മാവ് മുറിച്ചുകടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

അപകടഭീഷണി ഉയർത്തുകയോ, റോഡ് വികസനത്തിനുള്ള ലേലനടപടികളിൽ ഉൾപ്പെടുകയോ ചെയ്യാത്ത മാവാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്.

റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്ത ചില മരങ്ങൾ മുറിക്കാനുള്ള അനുമതി നേരത്തേ പൊതുമരാമത്തുവകുപ്പിന് സാമൂഹിക വനവത്കരണവിഭാഗം നൽകിയിരുന്നു. ഈ ഉത്തരവിന്റെ മറവിലാണ് വിളയിൽകോടൻ മാവ് മുറിക്കാൻ ശ്രമം നടന്നത്. ചൊവ്വാഴ്‌ചയാണ് മരം മുറിക്കാൻ തുടങ്ങിയത്.

ശിഖരങ്ങളെല്ലാം മുറിച്ചുമാറ്റി, പ്രധാന ഭാഗം മുറിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പരിസ്ഥിതി സ്‌നേഹികളും ഇടപെടുകയായിരുന്നു. ഇതോടെ മരം മുറിക്കുന്നത് നിർത്തി. അനധികൃത മരംമുറിക്കെതിരേ നടപടിയെടുക്കണമെന്ന് പരിസ്ഥിതിപ്രവർത്തകൻ റൗഫ് വിളയിൽ ആവശ്യപ്പെട്ടു.