മലപ്പുറം : സ്വച്ഛഭാരത് പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ഖരമാലിന്യനിർമാർജന പദ്ധതികൾ നിർത്തിവെക്കാനുള്ള ഉത്തരവോടെ സംസ്ഥാനത്തെ ഖരമാലിന്യനിർമാർജനം അവതാളത്തിലായി. ശുചിത്വമിഷന്റെ ഫണ്ട് നിർത്തിവെക്കുകയും ലോകബാങ്ക് ഫണ്ടിന്റെ കാര്യത്തിൽ തീരുമാനമാവാതിരിക്കുകയും ചെയ്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്.

രണ്ടാഴ്ചമുമ്പാണ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇത്തരമൊരു നിർദേശം തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയത്. നിലവിൽ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ അറിയിക്കണമെന്നും കരാറിലാവാത്ത എല്ലാ പദ്ധതികളും നിർത്തിവെക്കണമെന്നുമായിരുന്നു നിർദ്ദേശം. ബാക്കി പദ്ധതികളെല്ലാം വരാനിരിക്കുന്ന ലോകബാങ്ക് ഫണ്ടുപയോഗിച്ച് നടത്താമെന്നും പറഞ്ഞിട്ടുണ്ട്. നഗരസഭകളും കോർപ്പറേഷനുകളുമെല്ലാം ഇതിനകംതന്നെ ഒട്ടേറേ വാർഷികപദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ 'സുലേഖ'യിൽ അനുമതി വാങ്ങിയിരുന്നു.

നടപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങുകയും ചെയ്തു. ജില്ലാ ആസൂത്രണസമിതിയുടെ അനുമതി വാങ്ങിയ ഇത്തരം പദ്ധതികളൊന്നും ഇനി നടപ്പാക്കാനാവില്ല. അതേസമയം ലോകബാങ്ക് ഫണ്ട് എപ്പോൾ വരുമെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. വന്നാൽത്തന്നെ നിലവിൽ വ്യക്തികൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന ആശങ്കയും തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. സർക്കാരിന്റെ അറിവില്ലാതെയാണ് ഇത്തരമൊരു നിർദേശം നൽകിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

വരാനുള്ളത്

മികച്ച പദ്ധതി

ശുചിത്വമിഷന്റേതിനേക്കാൾ മികച്ച ഖരമാലിന്യപദ്ധതികളാണ് ലോകബാങ്ക് പദ്ധതിപ്രകാരം വരാനിരിക്കുന്നതെന്ന് ലോകബാങ്ക് പദ്ധതി അധികൃതർ പറഞ്ഞു. ഇതിന്റെ ചർച്ചകൾ നടന്നുവരികയാണ്. നിലവിലുള്ള പദ്ധതികളോടൊപ്പം ശുചീകരണം, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവയ്ക്കും ഫണ്ടുണ്ട്.

70:30 നിരക്കിൽ ലോകബാങ്കും സംസ്ഥാനസർക്കാരുമാണ് ചെലവു വഹിക്കുക. തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയേയില്ല. തുകയും നിലവിലുള്ള പദ്ധതിയേക്കാൾ എത്രയോ അധികമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.