പുറത്തൂർ: ഇതുപോലെയൊരു തുലാമാസത്തിലായിരുന്നു പുറത്തൂർ പള്ളിക്കടവിൽ തീരദേശം ഇന്നും കണ്ണീരോടെ ഓർക്കുന്ന തോണിയപകടം ഉണ്ടായത്. നാല്‌ പതിറ്റാണ്ടുകൾക്കുമുൻപ് നടന്ന അപകടത്തിൽ മൂന്ന് കോളേജ് വിദ്യാർഥികളടക്കം ആറുപേരാണ് മരിച്ചത്. ജലദുരന്തങ്ങൾ പിന്നീട് ഏറെയുണ്ടായെങ്കിലും പഴയ തലമുറയ്ക്ക് മറക്കാനാകില്ല, 1981 ഒക്ടോബർ 28-ലെ ആ ദുരന്തം.

അക്കാലത്ത് പൊന്നാനിയായിരുന്നു തീരദേശത്തെ പ്രധാന നഗരം. വിവിധ ആവശ്യങ്ങൾക്കായി പള്ളിക്കടവിലെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള കടവ് കടന്നുവേണം പൊന്നാനിയിലെത്താൻ. ഭാരതപ്പുഴയുടെ ഏറ്റവും വീതികൂടിയതും ആഴവുമുള്ള ഭാഗമാണിത്. ദുരന്തംനടന്ന ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നാനി എം.ഇ.എസ്. കോളേജിലെ ആദ്യ ഷിഫ്റ്റിലെ വിദ്യാർഥികൾ പള്ളിക്കടവ് തുടങ്ങുന്ന തോട്ടുങ്ങൽ പള്ളിക്ക് സമീപത്തെത്തി. പായ്‍വഞ്ചിയായിരുന്നു കടത്തിനുണ്ടായിരുന്നത്. മുപ്പതിലേറെപ്പേർ വഞ്ചിയിൽക്കയറി. തോണി പുറത്തൂർ ലക്ഷ്യമാക്കി അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ പെട്ടെന്ന് ശക്തമായ കാറ്റടിച്ചു. വഞ്ചിയിലെ പായയിൽ കാറ്റ് പിടിച്ചതോടെ വലിച്ചുകെട്ടിയ മുളയൊടിഞ്ഞു. തോണി ഒരുഭാഗത്തേക്ക് ചെരിയാൻ തുടങ്ങിയപ്പോൾ യാത്രക്കാർ എഴുന്നേൽക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം തെറ്റി മറിഞ്ഞു. ആളുകൾ മുങ്ങിത്തുടങ്ങി. നാട്ടുകാരും മത്സ്യത്തൊഴിലാളികളുംചേർന്ന് പലരേയും കരയ്ക്കെത്തിച്ചു.

പന്ത്രണ്ട് വയസ്സുകാരൻ അശോകന്റെ മൃതദേഹമാണ് ആദ്യം കരയ്ക്കെത്തിച്ചത്. മംഗലത്തെ ചേക്കു അലി, പ്രീഡിഗ്രി വിദ്യാർഥി ചേന്നര പെരുന്തിരുത്തിയിലെ സി.ടി. ആദം അലി, ബി.എ. ബിരുദ വിദ്യാർഥി നിറമരുതൂർ മങ്ങാടിലെ ചേലാട്ട് ഇസ്മാഈൽ എന്നിവരുടെ മൃതദേഹങ്ങളും കരയ്ക്കെത്തിച്ചു.

ഒന്നാംവർഷ പ്രീഡിഗ്രി വിദ്യാർഥി മംഗലം പി.കെ.സി. സൈഫുന്നീസ, വീട്ടമ്മയായ പുറത്തൂരിലെ മോടനമ്പ്രത്തെ ചീരു എന്നിവരെ കണ്ടെത്താനായില്ല. അവർക്കായി ദിവസങ്ങളോളം ഭാരതപ്പുഴയിലും കടലിലും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചീരുവിന്റെ മകനാണ് അശോകൻ. മകനെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു ഗർഭിണി കൂടിയായ ചീരു.

പെരുന്തിരുത്തിയുടെ ഇരട്ട നഷ്ടം

പെരുന്തിരുത്തിക്കാർക്ക് രണ്ടുപേരെയാണ് തോണിയപകടത്തിൽ നഷ്ടമായത്. സി.ടി. അലിയാരുടെ മകൻ ആദം അലിയുടെ മരണവാർത്തയാണ് ആദ്യമെത്തിയത്. കുറച്ച് കഴിഞ്ഞപ്പോൾ പെരുന്തിരുത്തിയിലെ എ.എം.എൽ.പി. സ്കൂളിലെ അധ്യാപിക ഖദീജയുടേയും മംഗലത്തെ പി.കെ.സി. മുഹമ്മദ്കുട്ടി ഹാജിയുടെയും മകൾ സൈഫുന്നീസ അപകടത്തിൽ കാണാതായെന്ന വിവരം ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. സൈഫുന്നീസയുടെ വിവാഹം പറഞ്ഞുറപ്പിച്ചതായിരുന്നു. പള്ളിക്കടവ് കടത്തുതോണി ദുരന്തത്തിനുശേഷം പലരും ആ വഴി യാത്രചെയ്യാൻ മടിച്ചിരുന്നു. ചമ്രവട്ടം പാലം വരികയും, ജങ്കാർ സർവീസ് സജീവമാവുകയും ചെയ്തതോടെ പള്ളിക്കടവിലെ തോണി സർവീസ് രണ്ടരവർഷം മുൻപ് നിർത്തി.