താനൂർ : നിയന്ത്രണംവിട്ട ബസ് മേൽപ്പാലത്തിൽനിന്ന് താഴേക്കുമറിഞ്ഞ് ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തിരൂർ-പരപ്പനങ്ങാടി റോഡിലെ ദേവധാർ മേൽപ്പാലത്തിൽ ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം.

ബസ്‌ ടോൾബൂത്തിനടുത്തുള്ള വളവിൽവെച്ച് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയെത്തുടർന്ന് റോഡ് നനഞ്ഞിരുന്നു. കുറ്റിപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന തവക്കൽ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മറിഞ്ഞത് പാലത്തിന്റെ ഉയരംകുറഞ്ഞ ഭാഗത്തുവെച്ചായതും വീണത് പാടത്തെ ചതുപ്പിലേക്കായതും വൻദുരന്തം ഒഴിവാകാൻ കാരണമായി. ബസ്സിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.

നാട്ടുകാരും താനൂർപോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ബസ്സിൽകുടുങ്ങിയവരെ പുറത്തെടുത്തു. തുടർന്ന് ജെ.സി.ബി. ഉപയോഗിച്ച് ബസ് പൊക്കി ബസ്സിനുതാഴെ ആരുംപെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. പിന്നീട് ബസ്സുയർത്താൻ ക്രെയിനുമെത്തിച്ചു. പരിക്കേറ്റവരെ തിരൂർ, താനൂർ, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. തിരൂർ-പരപ്പനങ്ങാടി റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

20 ദിവസംമുൻപ്‌ ഇതേ സ്ഥലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചിരുന്നു. അന്ന് തകർന്ന കൈവരിയുടെ ബാക്കി ഭാഗം തകർത്താണ് ബസ് മറിഞ്ഞത്.