പരപ്പനങ്ങാടി : വിശാലമായ കടൽ മാത്രമല്ല, പുഴയും അഴിമുഖവുമെല്ലാമുള്ള പരപ്പനങ്ങാടിയിൽ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ വിനോദസഞ്ചാര പദ്ധതികളൊരുങ്ങുന്നു. പരപ്പനങ്ങാടിയിലേക്ക് വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് ഒട്ടേറെ സമയം ചെലവഴിക്കാൻ ടൂറിസം സാധ്യതകൾ ഉണ്ടാക്കിയെടുക്കുകയാണ് പരപ്പനങ്ങാടി നഗരസഭ. പുഴയോരം കേന്ദ്രീകരിച്ച് പരപ്പനങ്ങാടിയിൽ ഒരുങ്ങുന്നത് വിപുലമായ ടൂറിസം പദ്ധതികൾ. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രോജക്‌ട്‌ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.

പുഴയിലൂടെ തോണിയാത്ര

പരപ്പനങ്ങാടി നഗരസഭയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയെയും പൂരപ്പുഴയെയും ഉൾപ്പെടുത്തിയാണ് പുഴയോര ടൂറിസം പദ്ധതികൾ ഒരുങ്ങുന്നത്. നിലവിൽ പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിലേക്ക് സഞ്ചാരികൾ ഏറെയെത്താറുണ്ട്. ഇവിടെ പുഴയുടെയും ചുറ്റുമുള്ള കാഴ്‌ചകളും ശാന്തമായ അന്തരീക്ഷവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. പുഴയോര വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രം ഇവിടെയാക്കാനാണ് നഗരസഭയുടെ പദ്ധതി.

ബോട്ടുകളും തോണികളും വഴി പുഴയിലൂടെ കെട്ടുങ്ങൽ അഴിമുഖത്തേക്ക് എത്താവുന്ന തരത്തിലാണ് ടൂറിസം പദ്ധതികളിലൊന്ന്. വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. 'ടേക്ക് എ ബ്രേക്ക് ' സംവിധാനം സ്ഥാപിക്കാനുള്ള സ്ഥലവും മറ്റും കണ്ടെത്താൻ ഉന്നതതല ഉദ്യോഗസ്ഥർ പരപ്പനങ്ങാടിയിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. പാലത്തിങ്ങൽ നാവിഗേഷൻ റൂട്ടിനായി നിർമിച്ച പാലത്തിൽനിന്ന് ആരംഭിക്കുന്ന പദ്ധതി ന്യൂകട്ട് കനാൽ വഴി പൂരപ്പുഴയുമായി ബന്ധിപ്പിക്കും. ഇതോടെ കടലുണ്ടിപ്പുഴവരെ ബോട്ട് സവാരിയും നടത്താനാകും.

കനോലി കനാൽ നവീകരണത്തിൽ ന്യൂകട്ട് കനാൽ അണക്കെട്ട് പൊളിച്ചുപണിയും. ഇതോടെ പൂരപ്പുഴയെ കടലുണ്ടിപ്പുഴയുമായി ബന്ധിപ്പിക്കാനാകും. രണ്ടുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് നഗരസഭയുടെ ശ്രമം. പരപ്പനങ്ങാടിയിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നഗരസഭാധ്യക്ഷൻ എ. ഉസ്‌മാൻ അറിയിച്ചിരുന്നു.

ഒരുക്കുന്നത് ടൂറിസം സർക്യൂട്ട്

ചീർപ്പിങ്ങലിലെ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റേറിയവും അനുബന്ധ പദ്ധതികളും യാഥാർഥ്യമായാൽ പരപ്പനങ്ങാടിയിലെ വിനോദസഞ്ചാര മേഖലയ്ക്കും മുതൽക്കൂട്ടാകും. നിലവിൽ കെട്ടുങ്ങൽ അഴിമുഖവും ബീച്ചും ചാപ്പപ്പടിയിലെ ഹാർബർ പ്രദേശവും സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്. മമ്പുറത്തേക്ക് തീർഥാടനത്തിനെത്തുന്നവരെ പരപ്പനങ്ങാടിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനായാൽ വലിയ നേട്ടമുണ്ടാക്കാനാകും.