എടപ്പറ്റ: ജി.എൽ.പി. സ്‌കൂളിനായി പുതിയ ഹൈടെക്ക് കെട്ടിടം ഉയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 85 ലക്ഷം രൂപ ചെലവിൽ മൂന്നു നിലകളിലായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഏഴു ക്ലാസ്‌മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്. മൂന്നാം നിലയുടെ നിർമാണപ്രവൃത്തിയാണിപ്പോൾ നടക്കുന്നത്.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടസൗകര്യങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരുന്നത്. ഇതേ തുടർന്നാണ് ഫണ്ട് അനുവദിച്ചതും ആറു മാസം മുൻപ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയതും.

സ്‌കൂളിന്റെ പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിനോടു ചേർന്നുതന്നെയുള്ളതും നേരത്തെ ക്ലാസ്‌മുറികളായി ഉപയോഗിച്ചിരുന്നതുമായ കോൺക്രീറ്റ് കെട്ടിടത്തിലാണ് നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 190 വിദ്യാർഥികളും ഏഴ് അധ്യാപകരുമാണീ വിദ്യാലയത്തിലുള്ളത്. കെട്ടിടത്തിന്റെ നിർമാണപ്രവൃത്തികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ എം. മണി സ്‌കൂൾ സന്ദർശിച്ചു. പ്രഥമാധ്യാപിക കെ. റംലത്ത്, പി.ടി.എ. പ്രസിഡന്റ് പി.കെ. അബൂബക്കർ സിദ്ദീഖ്, വാർഡ് അംഗം ടി. റഹ്‌മത്ത്, പി.കെ. ഹരിദാസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.