തേഞ്ഞിപ്പലം : പാരാ മാസ്‌റ്റേഴ്സ് ദേശീയ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ കൈക്കരുത്ത് തെളിയിച്ച് വി.പി. വിനോദിന് (42) സ്വർണം. മഞ്ചേരി ശാന്തിഗ്രാമം സ്വദേശിയാണ് വി.പി. വിനോദ്. 70 കിലോഗ്രാം തൂക്കത്തിൽ വലത്, ഇടത് കൈ വിഭാഗം മത്സരത്തിലും സ്വർണം നേടിയാണ് വിനോദ് കേരളത്തിന് അഭിമാനമായത്. ഇരു മത്സരങ്ങളിൽ പഞ്ചാബിനോടും മഹാരാഷ്ട്രയോടും പൊരുതിയാണ് നേട്ടം.

2017ൽ ഹംഗറിയിൽനടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ എട്ടുതവണ സ്വർണം നേടി. നാട്ടിൽ ഡാൻസ് വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന കട നടത്തുകയാണ് താരം. കോവിഡ് കലാമേഖലയെ തളർത്തിയതോടെ നേരിട്ട സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് കൈകളുടെ ശക്തി കൈവിടാതെ വിനോദ് മീറ്റിലെത്തിയത്.

കാലിലെ വൈകല്യം മറികടന്ന് വിനോദ് വരാനിരിക്കുന്ന 2024-ലെ പാര ഒളിബിക്‌സിനായുള്ള കഠിന പരിശീലനത്തിലാണ്. ഭാര്യ: രമ്യ. മക്കൾ: വിദ്യാർഥികളായ ജീവ, വിനായക്.

മീറ്റിന് ഇന്ന് കൊടിയിറങ്ങും

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന പാരാ മാസ്റ്റേഴ്സ് ദേശീയ അത്‌ലറ്റിക് മീറ്റിൽ മികവുതെളിയിച്ച് താരങ്ങൾ. രണ്ടാംദിവസം അത്‌ലറ്റിക്‌സ്, നീന്തൽ, ക്രിക്കറ്റ്, പഞ്ചഗുസ്തി മത്സരങ്ങളാണ് നടന്നത്. മീറ്റിലെ ചാമ്പ്യൻമാരെ വ്യാഴാഴ്‌ച പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. 12 സംസ്ഥാനങ്ങളിൽനിന്ന് 25 വയസ്സിനു മുകളിലുള്ള ശാരീരിക വൈകല്യമുള്ളവരാണ് മീറ്റിൽ മത്സരിക്കുന്നത്. കേരളത്തിൽനിന്ന് 45 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. മീറ്റ് വ്യാഴാഴ്‌ച സമാപിക്കും.