തേഞ്ഞിപ്പലം : കൺടെയ്ൻമെന്റ്‌ സോൺ പ്രഖ്യാപിച്ച ജില്ലാകളക്ടറുടെയും ദുരന്തനിവാരണ സമിതിയുടെയും തീരുമാനത്തിനെതിരേ പരാതികൾ ഏറെ. ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾ പൂർണമായും വള്ളിക്കുന്ന്, തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തുകൾ 90 ശതമാനം വാർഡുകളും കൺടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ മാത്രം റിപ്പോർട്ട്ചെയ്ത വാർഡുകൾപോലും കൺടെയ്ൻമെന്റ്‌ ആക്കിയതായി ജനപ്രതിനിധികൾ ആരോപിക്കുന്നു. രോഗവ്യാപനം ശക്തമായ സമയത്തുപോലുമില്ലാത്ത നിയന്ത്രണമേർപ്പെടുത്തിയതിൽ വ്യാപാരികളിലും പ്രതിഷേധമുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ. കുഞ്ഞുട്ടി ഹാജി, പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ഇസ്‌മായിൽ കാവുങ്ങൽ എന്നിവർ ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പറമ്പിൽപീടിക യൂണിറ്റ് വ്യാപാരി വ്യവസായി സമിതി ജില്ലാകളക്ടർക്ക് നിവേദനംനൽകി.

പള്ളിക്കൽ : ഓരോ വാർഡിലെയും കോവിഡ് രോഗികളുടെ എണ്ണം കണക്കിലെടുക്കാതെ പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഒരുപോലെ നിയന്ത്രണം കൊണ്ടുവന്ന നടപടി പുനഃപരിശോധിക്കണമെന്ന് പള്ളിക്കൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് മുസ്തഫ പള്ളിക്കൽ, സെക്രട്ടറി കെ.ടി. ഫിറോസ് എന്നിവർ ആവശ്യപ്പെട്ടു.

പള്ളിക്കൽ : കൺടെയ്‌മെന്റ് സോണിന്റെ പേരിൽ കടകമ്പോളങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പള്ളിക്കൽ ബസാർ യൂണിറ്റ് പ്രസിഡന്റ് ചാലിൽ ഹംസ ആവശ്യപ്പെട്ടു.

കോവിഡ് ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കടകൾ മുഴുവൻസമയവും പ്രവർത്തിപ്പിക്കാൻ അനുമതി നൽകണം. ഉച്ചയ്ക്കുശേഷം കടകൾ അടച്ചതുകൊണ്ടു മാത്രം കോവിഡ് വ്യാപനം തടയാനാകില്ലെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു.

പ്രഖ്യാപനം പുനഃപരിശോധിക്കണം - എം.എൽ.എ.

തേഞ്ഞിപ്പലം : വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ. ജില്ലാ കളക്ടറോടാവശ്യപ്പെട്ടു. പള്ളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകളിൽ പൂർണമായും മൂന്നിയൂർ, പെരുവള്ളൂർ, വള്ളിക്കുന്ന്, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ ചില വാർഡുകളിലും കഴിഞ്ഞ ദിവസമാണ് ജില്ലാ ദുരന്തനിവാരണ സമിതി കൺടെയ്ൻമെന്റ് സോണാക്കിയത്. ഇതിൽ അപാകതൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് എം.എൽ.എ. ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

മണ്ഡലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ചില വാർഡുകളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കുറവ് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ കേസുകളില്ലാത്ത വാർഡുകളിൽവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് എം.എൽ.എ. കളക്ടർക്ക് കത്ത് നൽകിയത്.