മലപ്പുറം : ഉദ്ഘാടനംകഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാൻ കഴിയാതെ മലപ്പുറം സബ് രജിസ്ട്രാർ ഓഫീസ്. മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. ഫെബ്രുവരി 23-നാണ് ആധുനിക രീതിയിലുള്ള കെട്ടിടം കോട്ടപ്പടിയിൽ ഉദ്ഘാടനംചെയ്തത്.

എന്നാൽ ക്യാബിൻ ജോലികളും വൈദ്യുതീകരണവും നടക്കാത്തതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്. ഈ ജോലികൾ വേഗത്തിൽ തീർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് സബ് രജിസ്ട്രാർ ഷാജി കെ. ജോർജ് പറഞ്ഞു.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം കോട്ടപ്പടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്താണ് കെട്ടിടം. പഴയ ഓഫീസ് പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്. കിഫ്ബിയിൽനിന്ന് രണ്ടുകോടി ചെലഴിച്ചാണ് രണ്ടുവർഷത്തിനുള്ളിൽ പണി പൂർത്തിയാക്കിയത്. മൂന്നുനിലകളിലാണ് കെട്ടിടം.

പൊതുജനങ്ങൾക്കായി വിശാലമായ പാർക്കിങ് സൗകര്യം, കാത്തിരിപ്പുമുറി, ശൗചാലയം എന്നിവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ആധുനികവത്കരിച്ച ഓഫീസ്, രണ്ടാംനിലയിൽ രേഖകൾ സൂക്ഷിക്കാനുള്ള സൗകര്യം, മൂന്നാംനിലയിൽ കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്. ഏകദേശം 5,000ത്തോളം ആധാരങ്ങളും 7,000ത്തോളം ബാധ്യതാ സർട്ടിഫിക്കറ്റുകളും ഈ ഓഫീസിൽ ഒരുവർഷം രജിസ്റ്റർ ചെയ്യുന്നുണ്ട്.

രേഖകൾ സൂക്ഷിക്കാൻ വലിയ സൗകര്യംതന്നെ പുതിയ കേന്ദ്രത്തിൽ അധികൃതർ ഒരുക്കുകയുംചെയ്തിട്ടുണ്ട്‌.