യാത്രക്കാർ ഗണ്യമായി കുറഞ്ഞു

നിലമ്പൂർ : കോവിഡ് വ്യാപിക്കുന്നുവെന്ന കാരണത്താൽ കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയതോടെ വഴിക്കടവ് മേഖലയിലെ വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിലായി.

പ്രധാനമായും ടൂറിസ്റ്റുകളിൽനിന്നുള്ള വ്യാപാരമാണ് വഴിക്കടവിലെ ഹോട്ടലുകളുടെയും മറ്റു വ്യാപാരസ്ഥാപനങ്ങളുടെയും വരുമാനം. നൂറുകണക്കിന് യാത്രക്കാരാണ് വഴിക്കടവിൽ നിർത്തി ഭക്ഷണംകഴിച്ച് യാത്ര തുടരാറുള്ളത്. അതോടൊപ്പം ചെറുകിട വ്യാപാരസ്ഥാപനങ്ങളും സഞ്ചാരികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഊട്ടി, മൈസൂരു, െബംഗളൂരു, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സഞ്ചാരികൾ ഈ വഴി കടന്നുപോകുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ സഞ്ചാരികളുണ്ടാവുക. കോവിഡ് കാരണം കഴിഞ്ഞ ഒരുവർഷത്തോളം അടഞ്ഞുകിടന്ന വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒരുമാസമായിേട്ടയുള്ളു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നാടുകാണി ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കിയതോടെ വാഹനങ്ങളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടകവും ഏതാനുംദിവസം മുമ്പുമുതൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.