പെരിന്തൽമണ്ണ : മുതുകുർശ്ശിയിൽ പലചരക്ക് കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടിയ നിലയിൽ 610 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കടയുടമ മുതുകുർശ്ശി കുന്നത്ത് മുഹമ്മദാലി (62)യെ പോലീസ് അറസ്റ്റുചെയ്തു.

കടന്നവങ്കാവ് ക്ഷേത്രത്തിന് സമീപം ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് പെരിന്തൽമണ്ണ പോലീസും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും പരിശോധന നടത്തിയത്. അഞ്ചുരൂപയ്ക്ക് ലഭിക്കുന്ന ഒരു പായ്ക്കറ്റ് പത്തിരട്ടി വിലയ്ക്കാണ് വിൽക്കുന്നതെന്ന് പോലീസ് അറിയിച്ചു. പച്ചക്കറി ലോറികളിലുംമറ്റും ജില്ലയിലെത്തിച്ച് രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് ഏജന്റുമാർ മുഖേനയാണ് കടകളിൽ എത്തിക്കുന്നത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, ഇൻസ്പെക്ടർ സജിൻശശി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസ്.ഐ. മാരായ ശ്രീജിത്ത്, പ്രമോദ്, ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.