മലപ്പുറം : 'സി.പി.എം. അനുഭാവികൾ അകത്തും റാങ്ക് ലിസ്റ്റിൽ വന്നവർ പടിക്ക് പുറത്തും' എന്നാണ് പി.എസ്.സി. നയമെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി കറക്കിക്കുത്ത് സമരം നടത്തി. ഉത്തരക്കടലാസിൽ കറക്കിക്കുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിൽ പ്രതീകാത്മകമായാണ് പ്രതിഷേധം.

ഉദ്യോഗാർഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ അറിയിച്ച് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ എന്നിവർ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഡി.സി.സി. ജനറൽസെക്രട്ടറി സമദ് മങ്കട ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷതവഹിച്ചു.

സംസ്ഥാന ജനറൽസെക്രട്ടറിമാരായ സി.കെ. ഹാരിസ്, പി.കെ. നൗഫൽബാബു, ജില്ലാ ജനറൽസെക്രട്ടറിമാരായ മുഹമ്മദ് പാറയിൽ, സുബൈർ മുല്ലഞ്ചേരി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഹബീബ് ആദൃശേരി, മുഹമ്മദ് ഇസ്‌ലാഹ്, യാക്കൂബ് കുന്നംപള്ളി തുടങ്ങിയവർ പങ്കെടുത്തു.