മങ്കട : എല്ലമല ഗ്രാമത്തിന്റെയും വള്ളുവനാടിന്‍റെയും കലാഹൃദയങ്ങളിൽ ഇടംനേടിയ ഷംസുദ്ദീൻ വീണ്ടും ശ്രദ്ധേയനാകുന്നു.

ക്രിക്കറ്റ് ഇതിഹാസം ഹർഭജൻ സിങ്ങിനെ നായകനാക്കി ജെ.പി.ആർ. ജോൺ-ഷാം സൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന ഫ്രണ്ട്ഷിപ്പ് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ത്രില്ലിലാണ് മക്കരപ്പറമ്പ് കാളാവ് സ്വദേശി മണ്ണിശ്ശേരി ഷംസുദ്ദീൻ. കാമ്പസും ക്രിക്കറ്റും പ്രമേയമാകുന്ന സിനിമയിൽ ക്രിക്കറ്റ് സെലക്ടറുടെ റോളിലാണ് അഭിനയിച്ചത്. സ്വപ്‌നസാക്ഷാത്കാരമായാണ് ഷംസുദ്ദീൻ ഇതിനെ കാണുന്നത്.

വിദ്യാർഥിയായിരുന്ന കാലത്ത് സ്വന്തമായി നാടകം സംവിധാനംചെയ്ത് അഭിനയിച്ച ഷംസുദ്ദീൻ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ കായികവേദികളിലും സജീവമായിരുന്നു. ഗൂഡല്ലൂർ നീലഗിരിയിലെ എല്ലമല ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. ബോഡി ബിൽഡറും മോഡലും മിമിക്രി ആർട്ടിസ്റ്റുംകൂടിയായ ഷംസുദ്ദീൻ ഒട്ടേറെ സിനിമകളിൽ വില്ലൻ കഥാപാത്രമായും പോലീസ് ഓഫീസറായും വേഷമിട്ടിട്ടുണ്ട്.

മുന്ന സൈമൺ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'രാവണാസുരൻ' എന്ന തമിഴ്‌ചിത്രവും യുവ കലാകാരൻമാരുടെ കൂട്ടായ്‌മയിൽ ഗോകുൽ സംവിധാനംചെയ്യുന്ന ആസിഡ് എന്ന മലയാളചിത്രവും ചിത്രീകരണം പുരോഗമിക്കുകയാണ്.