കൊണ്ടോട്ടി : സംസ്ഥാന എൻ.എസ്.എസ്. അവാർഡുകളുടെ തിളക്കത്തിൽ ഇ.എം.ഇ.എ. കോളേജ്. മികച്ച എൻ.എസ്.എസ്. യൂണിറ്റായി ഇ.എം.ഇ.എ. കോളേജിനെയും പ്രോഗ്രാം ഓഫീസറായി ചരിത്രവിഭാഗം അധ്യാപകൻ തച്ചപറമ്പൻ മുഹമ്മദ് ഷാഫിയെയും തിരഞ്ഞെടുത്തു.

മൂന്നുവർഷത്തെ സാമൂഹികസേവന സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. കാലിക്കറ്റ് സർവകലാശാലയുടെ സുവർണജൂബിലി അഭയം ഭവനപദ്ധതി പ്രകാരം പള്ളിക്കൽ പഞ്ചായത്തിൽ വീടുകൾ നിർമിച്ചുനൽകൽ, കാലിക്കറ്റ് സർവകലാശാലയുടെ 'കൂടെ' പ്രവൃത്തികൾ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽ സന്നദ്ധപ്രവർത്തനങ്ങൾ, പ്രളയപുനരധിവാസ പ്രവർത്തനങ്ങൾ, മൂന്ന് തടയണനിർമാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനു സഹായകമായത്.

കിഴിശ്ശേരി ആലിൻചുവട് തച്ചപറമ്പൻ രായിൻകുട്ടിയുടെയും പഴേരി കദീജയുടെയും മകനാണ് മുഹമ്മദ് ഷാഫി. മുഹമ്മദ് ഷാഫിയെ ഇ.എം.ഇ.എ. ജനറൽസെക്രട്ടറി പി.കെ. ബഷീർ എം.എൽ.എ., മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ ലഫ്റ്റനെന്റ് പി. അബ്ദുൽറഷീദ് എന്നിവർ അഭിനന്ദിച്ചു.