മലപ്പുറം : തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണ നടപടികൾ നടപ്പാക്കാതെ ഇടതുഭരണം ജനദ്രോഹം അലങ്കാരമാക്കി മാറ്റിയിരിക്കുകയാണെന്ന് എസ്.ടി.യു. ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുള്ള. കേരള സ്റ്റേറ്റ് ടെക്സ്െറ്റെൽ എംപ്ലോയീസ് ഫെഡറേഷൻ (എസ്.ടി.യു.) സംസ്ഥാനകമ്മിറ്റിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടെക്സ്െറ്റെൽ മില്ലുകളിലെ തൊഴിലാളികളുടെ ഇ.പി.എഫ്., ഇ.എസ്.ഐ., ശമ്പളകുടിശിക, ഗ്രാറ്റിവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ അടച്ചുതീർക്കാൻ അടിയന്തര നടപടി വേണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

എസ്.ടി.യു. ദേശീയകമ്മിറ്റിയുടെ തീരുമാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് എല്ലാ സ്പിന്നിങ് മില്ലുകൾക്ക് മുന്നിലും നവംബർ അഞ്ചിന് പ്രതിഷേധസമരം നടത്തും.

നവംബർ 26-ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ എസ്.ടി.യു. ദേശീയസെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. എസ്.ടി.യു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്‌റഫ്, സിദ്ദിഖ് താനൂർ, എൻ. ജഹ്ഫർ സാദിഖ്, സിദ്ദിഖ് പൊട്ടിപ്പാറ, സി. അഷ്‌റഫ്, ഒ. ഗോപാലകൃഷ്ണൻ, എസ്. അനസ്, എൻ. വേലായുധൻ, ജസീന മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.