തിരൂർ : തീരദേശത്തെ യുവതീയുവാക്കൾക്ക് സർക്കാർജോലി നേടിക്കൊടുക്കുക ലക്ഷ്യമിട്ട് തിരൂർ ജനമൈത്രി പോലീസ് ഇൻസൈറ്റ് എന്നപേരിൽ പദ്ധതി നടപ്പാക്കുന്നു.

ജോലിക്കായി പരിശീലനം ലഭിക്കാൻ അവസരമില്ലാത്ത കാര്യം മനസ്സിലാക്കിയാണ് തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി മുൻ കൈയെടുത്ത് ഇൻസൈറ്റ് തിരൂർ എന്ന പദ്ധതി നടപ്പാക്കുന്നത്. വരുംദിവസങ്ങളിൽ യുവതീ യുവാക്കൾക്കായി ഫിസിക്കൽ ട്രെയിനിങ്ങുകളും ക്ലാസുകളും ആരംഭിക്കും. 29-ന് വൈകീട്ട് നാലിന് കൂട്ടായി മഖ്ദൂമിയ ഓഡിറ്റോറിയത്തിൽ ബോധവത്കരണ ക്ലാസോടെ പദ്ധതി സജീവമാകും. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഉദ്ഘാടനംചെയ്യും. മന്ത്രി വി. അബ്ദുറഹ്‌മാൻ, എം.എൽ.എ. മാരായ കുറുക്കോളി മൊയ്തീൻ, കെ.ടി. ജലീൽ എന്നിവർ രക്ഷാധികാരികളാകും. ഡിവൈ.എസ്.പി. വി.വി. ബെന്നി (ചെയ.), സി.ഐ. ജിജോ, എസ്.ഐ. ജലീൽ കറുത്തേടത്ത് (ജോ.കൺ.) എന്നിവരാണ് പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിക്കുക.

പത്രസമ്മേളനത്തിൽ ഡിവൈ.എസ്.പി. വി.വി. ബെന്നി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, എം. അബ്ദുള്ളക്കുട്ടി, കൂട്ടായി ബഷീർ, അധ്യാപകരായ ഖമറുസ്സമാൻ, താജുദ്ദീൻ, സി.ഐ. എം.ജെ. ജിജോ, എസ്.ഐ. പി.ഡി. ജോസഫ് എന്നിവർ പങ്കെടുത്തു.