യു.ഡി.എഫ്. പ്രചാരണം തികഞ്ഞ ഐക്യത്തോടെ
മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുതലമുറയ്ക്ക് കൂടുതൽ അവസരംനൽകിയ മുസ്‌ലിംലീഗിന്റെ നിലപാട് യു.ഡി.എഫിന് കൂടുതൽ നേട്ടമാകുമെന്ന് നേതാക്കൾ. കഴിഞ്ഞദിവസം നടന്ന സംസ്ഥാനസമിതി യോഗത്തിന്റെ വിലയിരുത്തലുകൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ലീഗ് നേതാക്കൾ.
മൂന്നുതവണ മത്സരിച്ചവരെ മാറ്റിനിർത്തുകയെന്ന പാർട്ടി തീരുമാനം വിപ്ലവകരമാണ്. അത് കൂടുതൽ യുവാക്കൾക്ക് അവസരംനൽകും. നിലവിലെ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. കേരളത്തിലെല്ലാം തികഞ്ഞ ഐക്യത്തോടെയാണ് യു.ഡി.എഫ്. പ്രചാരണം നടത്തുന്നത്.അറസ്റ്റിൽകഴിയുന്ന എം.എൽ.എമാരായ ഇബ്രാഹിംകുഞ്ഞിനോടും എം.സി. ഖമറുദ്ദീനിനോടും പ്രതികാരബുദ്ധിയോടെയാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്ന് നേതാക്കൾ ആരോപിച്ചു. അവരുടെ രോഗാവസ്ഥപോലും പരിഗണിക്കുന്നില്ല. കോടതിയുടെ ഇടപെടൽകൊണ്ടാണ് നീതിലഭിക്കുന്നത്.
പ്രതിപക്ഷനേതാവിനെതിരേ കേസെടുക്കാൻ കാണിക്കുന്ന ആവേശം അതേ ആരോപണംനേരിടുന്ന മറ്റുള്ളവരോട് കാണിക്കുന്നില്ല.കേന്ദ്രസർക്കാരിന്റെ ഏജൻസികളെ വിമർശിക്കുന്ന സംസ്ഥാനസർക്കാർ അതിലും നീചമായാണ് രാഷ്ട്രീയപ്രതിയോഗികളോട് പെരുമാറുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ. മജീദ്, ദേശീയസെക്രട്ടറി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.