കോഡൂർ : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ പരീക്ഷ പുനഃക്രമീകരിക്കണമെന്ന് കേരള ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അടുത്തമാസം 18-ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിവെക്കണമെന്നാവശ്യപ്പെടുന്നത്.
ഡിസംബർ 16-ന് നടക്കുന്ന വോട്ടണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞ് പതിനേഴിനേ സ്കൂളുകൾ വിട്ടുകിട്ടൂ. പതിനെട്ടാം തീയതിയിലേക്ക് പരീക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിന് പ്രയോഗിക പ്രയാസമുണ്ട്.ഇത്രയുംകുറഞ്ഞ സമയംകൊണ്ട് കോവിഡ്-19 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മുൻകരുതലുകൾ ഒരുക്കുന്നതിനും ശാരീരിക അകലം പാലിച്ചുകൊണ്ട് ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതിനും സാധ്യമല്ല.
പരീക്ഷ പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനും കേരള ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി ഡോ. സക്കീർ നിവേദനംനൽകി.