എടവണ്ണ : ബീരാൻകുട്ട്യാക്കാ ആ പാട്ട് ഞാനും കേട്ടു. വളരെ നന്നായി. ഉഷാറാണ്. ഇനിയും പാടണം.' എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ഇതു പറഞ്ഞപ്പോൾ കല്ലിടുമ്പിലെ ചെറിയ എളേടത്ത് ബീരാൻകുട്ടി വീണ്ടും ഹാപ്പിയായി. പേരമക്കൾക്കൊപ്പം പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ താരമായ ഈ എഴുപത്തഞ്ചുകാരനെ വസതിയിലെത്തി അഭിനന്ദിക്കുകയായിരുന്നു ടി. അഭിലാഷ്. പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ എം. ജാഫർ ഉൾപ്പെടെയുള്ളവരും കൂടെയുണ്ടായിരുന്നു. ഉപഹാരസമർപ്പണവും നടത്തി.

കഴിഞ്ഞമാസമാണ് ബീരാൻകുട്ടിയും പേരമക്കളും പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കോവിഡ് കാലത്ത് വല്യുപ്പാന്റെ വിരസത മാറ്റാനാണ് പേരമകൾ മുഹ്സിന റിയ തന്റെ ഹാർമോണിയം പെട്ടിയുമായി കല്ലിടുമ്പിലെത്തിയത്. തുടർന്നു പാടിയ നാലുവരിയാണ് നാട്ടിൽ ചർച്ചയായത്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വരികൾ നാട്ടിൽ പാട്ടായതു സംബന്ധിച്ച് മാതൃഭൂമി വാർത്തയാക്കി. പാട്ടുകാർ ഒത്തുകൂടി; എളയേടത്തു വീട്ടിൽ ബീരാൻകുട്ടി ഹാപ്പിയായി എന്ന തലക്കെട്ടിലായിരുന്നു വാർത്ത. ഇക്കഴിഞ്ഞ പെരുന്നാളിലും ബീരാൻകുട്ടിയുടെ വീട്ടിൽ പേരമക്കളെത്തി. ഹാർമോണിയം വീണ്ടും താളഭാവം കൈവരിച്ചു. ഈ പാട്ടും വൈറലായി.