മഞ്ചേരി : നഗരത്തിൽ ജല അതോറിറ്റി പൈപ്പിടാനെടുത്ത ചാലുകൾ കൃത്യമായി മണ്ണിട്ടുമൂടാത്തത് വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നു. മഴ പെയ്തതോടെ വെള്ളവും ചെളിയും നിറഞ്ഞ ചാലുകളിൽ വാഹനങ്ങൾ അകപ്പെടുകയാണ്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.

തിങ്കളാഴ്‌ച വൈകീട്ട് നിലമ്പൂർ റോഡിൽ മേലാക്കത്ത് കന്നുകാലികളെ കയറ്റിവന്ന ലോറി കുഴിയിൽ താഴ്‌ന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് ലോറി ഉയർത്തിയെടുത്തത്. ഇതോടെ നിലമ്പൂർ, അരീക്കോട് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും പൈപ്പിടൽ കഴിഞ്ഞെങ്കിലും ചാലുകളിൽ മണ്ണുനിറച്ച് ബലപ്പെടുത്തിയിട്ടില്ല. ഇതറിയാതെവരുന്ന വാഹനങ്ങൾ വശംചേർന്ന് പോകുമ്പോൾ ചെളിനിറഞ്ഞ ചാലുകളിൽ ചാടിയാണ് അപകടമുണ്ടാകുന്നത്.

ചെളിപുരണ്ട കല്ലും മണ്ണും റോഡിലേക്കുതെറിച്ച് കാൽനടയാത്രയും ദുഷ്‌കരമാണ്. വഴിയരികിൽ പൈപ്പുകൾ കൂട്ടിയിടുന്നതും കൂട്ടിയിട്ട മണ്ണ് നീക്കാത്തതും ചെറിയ വാഹനങ്ങൾക്കു ഭീഷണിയാണ്. അപകടങ്ങൾ പതിവായിട്ടും ചാൽ ശരിയായി മണ്ണിട്ടുമൂടാൻ അധികൃതർ തയ്യാറാകുന്നില്ല. മെഡിക്കൽകോളേജിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഈ ദുരവസ്ഥ. കുടിവെള്ളപദ്ധതിയുടെ പഴക്കംചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ മാസങ്ങളായി തുടങ്ങിയിട്ട്. മഴക്കാലമെത്തുന്നതിനുമുൻപ് പൈപ്പിടൽ പൂർത്തിയാക്കാൻ കഴിയാതെ പോയതാണ് ഇപ്പോഴുള്ള ദുരിതത്തിനു കാരണം.