നിലമ്പൂർ : കഴിഞ്ഞവർഷത്തെ പ്രളയത്തിൽ പൂർണമായി വീട് നശിച്ചുപോയ നിലമ്പൂർ പാത്തിപ്പാറ ചേലക്കൽ ചന്ദ്രനും കുടുംബത്തിനും വീടുവെച്ച് നൽകി. തിരുവനന്തപുരം കേന്ദ്രമായി ജീവകാരുണ്യപ്രവർത്തനരംഗത്ത് സജീവമായ എൻകാൻഡിൽ എന്ന സംഘടനയാണ് ആറുലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചുനൽകിയത്.

500 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചത്. ടെക്‌നോപാർക്കിൽ ജോലിചെയ്യുന്ന അനുമോദ് ജാതവേദൻ, മനു രഞ്ജിത്ത്, ശ്രീവൽസ്, സന്തോഷ് ഉദയനൻ എന്നീ സുഹൃത്തുക്കളാണ് സംഘടനയുടെ പ്രവർത്തകർ. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവർ ചടങ്ങിൽ പങ്കെടുത്തില്ല.

ഞായറാഴ്ചരാവിലെ ഗൃഹപ്രവേശനവും പാലുകാച്ചൽച്ചടങ്ങും നടത്തിയ ചന്ദ്രനും കുടുംബവും സംഘടനയ്ക്ക് നന്ദിപറഞ്ഞു. സംഘടനയെ പ്രതിനിധീകരിച്ച് ഡോ. കേദാർനാഥ്, സന്ധ്യാ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.