വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം വാഹനങ്ങൾക്കും മറ്റും നിരന്തരം അപകടക്കെണിയായിരുന്ന റോഡിലെ കുഴി റെയിൽവേ അധികൃതർ ടാർചെയ്ത് അടച്ചു. ഗേറ്റിനുസമീപം റെയിൽവേ ഓവുചാൽ നിർമിച്ചതിലെ അപാകംമൂലമാണ് ഇവിടെ കുഴി രൂപപ്പെട്ടിരുന്നത്. ഈ കുഴി അപകടഭീഷണിയാവുന്നുണ്ടെന്ന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അധികൃതർ കുഴിയടച്ച് റോഡിന് സമാന്തരമായി ടാർ ചെയ്ത് ഉയർത്തിയത്. ഇതിനായി ശനിയാഴ്ച ഗേറ്റ് അടച്ചിട്ട് റെയിൽവേ ഇതുവഴി വാഹനഗതാഗതം നിരോധിച്ചിരുന്നു. ഇവിടെ കുഴിയിൽചാടി വാഹനങ്ങൾ തകരാറാകുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസവും ഇവിടെ കണ്ടെയ്നർ ലോറി തകരാറിലായി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.